പുതിയ അദ്ധ്യയനവർഷം ആരംഭിച്ച് മാസങ്ങളായിട്ടും സ്കൂളുകളിൽ മുട്ടയ്ക്കും പാലിനും ചെലവാക്കിയ തുക സർക്കാർ അനുവദിക്കാത്തതിൽ പ്രതിഷേധവുമായി പ്രധാനാധ്യാപകർ. വേറെ വഴിയല്ലാതെ വിതരണം നിറുത്തിവയ്ക്കാനൊരുങ്ങിയിരിക്കുകയാണ്. ഇതിനായി അടിയന്തരമായി ഉച്ചഭക്ഷണ സമിതി വിളിച്ചുകൂട്ടും എന്നും അവർ വ്യക്തമാക്കി.
സ്വന്തം കൈയിൽ നിന്ന് ചെലവിട്ടും കടംവാങ്ങിയുമൊക്കെയാണ് പ്രധാനദ്ധ്യാപകർ മുട്ടയും പാലും ഇതുവരെയായി നൽകിയിരുന്നത്. അതേസമയം വിലക്കയറ്റം രൂക്ഷമായിട്ടും ഇവയ്ക്കനുവദിക്കുന്ന തുക സർക്കാർ വർദ്ധിപ്പിച്ചിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട് .ഈ വർഷം ഇതുവരെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട സർക്കുലർ ഇറങ്ങിയിട്ടില്ലെന്നും പ്രധാനദ്ധ്യാപകർ പറയുന്നു.
അദ്ധ്യയന വർഷാരംഭത്തിലിറക്കുന്ന സർക്കുലറിലാണ് ഉച്ചഭക്ഷണത്തിന്റെ അളവ്, മുട്ട, പാൽ വിതരണം എന്നിവയെക്കുറിച്ചടക്കം വ്യക്തത വരുത്തുന്നത്. മുൻപ് ഉച്ചഭക്ഷണത്തിനുള്ള കേന്ദ്ര ഫണ്ടിനൊപ്പം ചേർത്താണ് സംസ്ഥാനം മുട്ട, പാൽ എന്നിവയ്ക്ക് പണമനുവദിച്ചിരുന്നത്. എന്നാൽ ഇപ്പൊൾ തുക പ്രത്യേകം അനുവദിക്കേണ്ടി വന്നതിനാലാണ് സംസ്ഥാനം അലംഭാവം കാണിക്കുന്നതെന്നാണ് പ്രധാനദ്ധ്യാപകരുടെ അഭിപ്രായം.