കേരള സര്‍ക്കാരിന് കീഴിലുള്ള ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് നഴ്സ് (പെണ്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ജോലി അവസരം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നാളെ (സെപ്തംബര്‍ 18) ആണ്. താമസം, വിസ, ടിക്കറ്റ് എന്നിവ തൊഴിലുടമ നല്‍കും.
4110 സൗദി റിയാല്‍ ( 91700 ഇന്ത്യന്‍ രൂപ) ആണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ അനുഭവ പരിചയത്തിന് അലവന്‍സും ലഭിക്കും. പ്രായപരിധി 35 വയസില്‍ താഴെ. ബി എസ് സി, എം എസ് സി, പി ബി ബി എന്‍ എന്നിവയാണ് അടിസ്ഥാന യോഗ്യത. കുറഞ്ഞത് 1.6 വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ജോലി ചെയ്യുന്നവരാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്.
മുഴുവന്‍ കരിയറിലും ആറ് മാസത്തില്‍ കൂടുതല്‍ ഗ്യാപ് വന്നവരുടെ അപേക്ഷ സ്വീകരിക്കില്ല. പീഡിയാട്രിക് ഓങ്കോളജി, ന്യൂറോ, അവയവം മാറ്റിവയ്ക്കല്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് എന്ന് ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് അറിയിച്ചു.
അപേക്ഷിക്കേണ്ട വിധം
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെപ്പറയുന്ന രേഖകള്‍ സെപ്റ്റംബര്‍ 18-ന് മുന്‍പ് gcc@odepc.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം. മെയില്‍ സബ്ജക്റ്റ് ലൈന്‍ ‘Female Nurses To MOH-KSA എന്നതായിരിക്കണം. 2024 സെപ്റ്റംബര്‍ 25, 26 തീയതികളില്‍ മുംബൈയില്‍ വെച്ചായിരിക്കും അഭിമുഖം. മെയിലില്‍ അറ്റാച്ച് ചെയ്യേണ്ട രേഖകള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്.
ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (വെളുത്ത പശ്ചാത്തലത്തില്‍), 6 മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇപ്പോഴും ജോലി ചെയ്യുന്നതുള്‍പ്പെടെ എല്ലാ അനുഭവ സര്‍ട്ടിഫിക്കറ്റുകളും, ആധാര്‍ കോപ്പി