--- പരസ്യം ---

18 മണിക്കൂര്‍ കൊണ്ട് മലയാളിയായ എട്ടാം ക്ലാസുകാരിയും പിതാവും ഹിമാലയ പര്‍വതനിരകള്‍ കീഴടക്കി

By neena

Published on:

Follow Us
--- പരസ്യം ---

18 മണിക്കൂര്‍ കൊണ്ട് മലയാളിയായ എട്ടാം ക്ലാസുകാരിയും പിതാവും ഹിമാലയ പര്‍വതനിരകള്‍ കീഴടക്കി.  തിരിച്ചിറങ്ങിയപ്പോള്‍ കൊടും തണുപ്പിലും അടിവാരത്തെ തടാകത്തിലും നീന്തിയും 13 കാരി റെക്കോര്‍ഡ് നേടി. ചേര്‍ത്തല സെന്റ് മേരീസ് ഹൈസ്‌കൂളിലെ 8-ാംക്ലാസ് വിദ്യാര്‍ഥിനിയും, ഷൈന്‍ വര്‍ഗീസ് – പ്രീതി ദമ്പതികളുടെ മകളുമായ അന്നാ മേരിയും പിതാവ് ഷൈനും ഒന്നിച്ചാണ് ഹിമാലയ പര്‍വത നിരകളിലെ 15,478 അടി ഉയരം കീഴടക്കിയത്. ചെറുപ്പം മുതല്‍ സാഹസിക യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ സ്‌കൂള്‍ അവധിക്കാലം വെറുതെ കളഞ്ഞില്ല.

മൂന്നാറില്‍ പോയപ്പോള്‍ നടത്തിയ സാഹസിക യാത്രയാണ് പര്‍വ്വത നിര കീഴടക്കാന്‍ ഈ അച്ഛനും മകള്‍ക്കും പ്രേരകമായത്. എറണാകുളത്തെ സ്വകാര്യ ടൂര്‍ പാക്കേജിലാണ് അന്നയും, ഷൈനും ഒന്നിച്ച് ജൂണ്‍ 20ന് യാത്ര തുടങ്ങിയത്. ഇതിനായി ഒരു മാസത്തെ സാഹസിക യാത്രാ പരിശീലനവും ഇവര്‍ നേടിയിരുന്നു. ആറു ദിവസം കൊണ്ട് പിര്‍പാഞ്ചല്‍ മല നിരയിലെ ഫ്രഡ്ഷിപ്പ് പീക്കില്‍ എത്തി. സംഘത്തില്‍ 13 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ അന്നാ മേരിയും, ഹരിയാന സ്വദേശി ആരാധ്യയും വിദ്യാര്‍ത്ഥികളായിരുന്നു. മണാലി വഴിയുള്ള യാത്രയില്‍ ആറാം ദിവസം മൈനസ് 70, 80 ഡിഗ്രി വരെയുള്ള ഐസിലുടെയായിരുന്നു നടത്തം.

കൊടുമുടിയില്‍ ഇരുകൈകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയപ്പോള്‍ മനസിലും രക്തത്തിലും തണുപ്പകന്നുവെന്നാണ് 13കാരിയുടെ പ്രതികരണം. അന്നാമേരി അമേരിക്കയില്‍ കൊടുംതണുപ്പുള്ള ഒരു രാത്രിയിലായിരുന്നു ജനിച്ചതെന്ന് ഷൈന്‍ പറഞ്ഞു. അതുകൊണ്ടാവാം തണുപ്പിനോട് പ്രിയമെന്നാണ് രക്ഷിതാക്കള്‍ പ്രതികരിക്കുന്നത്. പ്രസവവേദനയില്‍ ആശുപത്രിയില്‍ കൊണ്ടു പോയത് വലിയ രീതിയില്‍ മഞ്ഞ് പെയ്യുന്ന രാത്രിയിലായിരുന്നുവെന്നും ഷൈന്‍ പറയുന്നു.

ജനനശേഷം നാല് മാസമാണ് ഇവര്‍ അമേരിക്കയില്‍ താമസിച്ചത്. പിന്നീട് നാട്ടിലെത്തി സ്‌കൂളില്‍ ചേര്‍ന്നതോടെ സ്‌പോര്‍ട്‌സിലും താരമായി. സ്വിമ്മിങ്, തൈക്കോണ്ടോ, ഫുഡ്‌ബോള്‍, ജിംനാസ്റ്റിംഗ്, ടേബിള്‍ ടെന്നീസ്, റൈഫിള്‍ഷൂട്ടിംഗ് തുടങ്ങിയതിലും റെക്കാഡ് വിജയം നേടി. എറണാകുളം രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിശീലനം നേടിയത്. കിളിമഞ്ചാരോ കൊടുമുടി കീഴടക്കണമെന്നാണ് ആഗ്രഹെമെന്നും പൈലറ്റ് ആകണമെന്നാണ് ലക്ഷ്യമെന്നുമാണ് 13കാരി അന്നാ മേരി പറയുന്നത്.

--- പരസ്യം ---

Leave a Comment