ലൈസന്‍സില്ലാതെയുള്ള ഡ്രൈവിങ്ങിന് കടുത്ത ശിക്ഷ നല്‍കുന്നുണ്ടെങ്കിലും ലൈസന്‍സില്ലാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്കി പുലിവാല് പിടിക്കുന്ന രക്ഷിതാക്കളുടെ എണ്ണത്തില്‍ ഒട്ടും കുറവ് വരുന്നില്ല. ഇത്തരത്തില്‍ നിയമവിരുദ്ധമായി വാഹനമോടിക്കുന്നതിനെതിരേ പോലീസും മോട്ടോര്‍ വാഹനവകുപ്പും സ്ഥിരമായി ബോധവത്കരണം നടത്താറുണ്ട്. സ്കൂളുകളില്‍ അവധിക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി വീണ്ടുമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.മധ്യവേനല്‍ അവധി ആരംഭിക്കുകയാണെന്നും വാഹനം ഓടിക്കാന്‍ നല്കി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് അഭ്യര്‍ഥിക്കുന്നത്. ഇത്തരത്തില്‍ വാഹനമോടിക്കാന്‍ നല്‍കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടാല്‍ രക്ഷിതാക്കള്‍ക്ക് കനത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ള കുറിപ്പില്‍ പറയുന്നു.ലൈസന്‍സില്ലാതെ അനധികൃതമായി വാഹനമോടിക്കുന്നവര്‍ക്കെതിരേ സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ അനുസരിച്ച് 2019-ല്‍ മാത്രം 1,11,68 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് നിരത്തില്‍ കൊല്ലപ്പെട്ടത്. ഇത് കണക്കിലെടുത്താണ് 2019-ല്‍ മോട്ടോര്‍ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോള്‍ ലൈസന്‍സില്ലാതെയുള്ള ഡ്രൈവിങ്ങിന് കനത്ത ശിക്ഷ നല്കാന് തീരുമാനിച്ചത്.
ജുവനൈല്‍ ഡ്രൈവിങ്ങിന്റെ ശിക്ഷകൾ
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 10,000 രൂപ വരെ പിഴ ശിക്ഷയും, രക്ഷിതാവ്/വാഹന ഉടമയ്ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴ വേറെയും ലഭിക്കും.
നിയമലംഘനം നടത്താന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ രജിസ്ട്രേഷന് 12 മാസത്തേക്ക് റദ്ദാക്കും.
നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്സ് ലൈസന്‍സിന് അര്‍ഹത നേടണമെങ്കില്‍ 25 വയസ് പൂര്‍ത്തിയാകണം.
2000 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.