ലണ്ടൻ: ദീർഘകാലത്തെ ഗവേഷണത്തിനൊടുവിൽ പുതിയ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് ശാസ്ത്രലോകം. ‘മാൽ’( MAL) എന്ന് പേരിട്ട പുതിയ രക്തഗ്രൂപ്പിന്റെ കണ്ടെത്തലോടെ 50 വർഷം പഴക്കമുള്ള നിഗൂഢതക്ക് പരിഹാരമായി. 1972ൽ ഒരു ഗർഭിണിയുടെ രക്തസാമ്പിൾ എടുത്തപ്പോൾ അക്കാലത്ത് മറ്റെല്ലാ ചുവന്ന രക്താണുക്കളിലും കാണപ്പെടുന്ന ഉപരിതല തന്മാത്ര നഷ്ടപ്പെട്ടതായി ഡോക്ടർമാർ തിരിച്ചറിയുകയുണ്ടായി.
50 വർഷത്തിനുശേഷം, ഈ തന്മാത്രയുടെ വിചിത്രമായ അഭാവം മനുഷ്യരിൽ ഒരു പുതിയ രക്തഗ്രൂപ്പ് നിലനിൽക്കുന്നുണ്ടെന്ന യാഥാർഥ്യത്തിലേക്കാണ് ഗവേഷകരെ എത്തിച്ചത്. എൻ.എച്ച്.എസ് ബ്ലഡ് ആൻഡ് ട്രാൻസ് പ്ലാന്റ് (ബ്രിസ്റ്റോൾ), ഇന്റർനാഷണൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറി, ബ്രിസ്റ്റോൾ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് മുമ്പ് അറിയപ്പെട്ടിരുന്നതും എന്നാൽ നിഗൂഢവുമായ AnWj ആന്റിജന്റെ ജനിതക പശ്ചാത്തലം തിരിച്ചറിഞ്ഞത്.
1972ലെ രോഗിയുടെ രക്തത്തിൽനിന്ന് കാണാതായ AnWj ആന്റിജൻ തൻമാത്ര 99.9 ശതമാനത്തിലധികം ആളുകളിലും ഉള്ളതാണെന്ന് നേരത്തെയുള്ള ഗവേഷണം കണ്ടെത്തിയിരുന്നു. ചില പ്രത്യേക സവിശേഷതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL. അതുകൊണ്ട് തന്നെ ഇത് എളുപ്പം തിരിച്ചറിയുക എന്നത് ബുദ്ധിമുട്ടാണ്- യൂനിവേഴ്സിറ്റി ഓഫ് ഇംഗ്ലണ്ട് സെൽ ബയോളജിസ്റ്റ് ടിം സാച്ച്വെൽ പറഞ്ഞു. ഒരാൾക്ക് അവരുടെ MAL ജീനുകളുടെ വകഭേദം സംഭവിച്ച പതിപ്പ് ഉണ്ടെങ്കിൽ, ഗർഭിണിയായ രോഗിയെപ്പോലെ AnWj നെഗറ്റീവ് ആയ രക്തഗ്രൂപ്പിൽ എത്തും. ചിലപ്പോൾ രക്തത്തിലെ തകരാറുകളും ആന്റിജനെ അടിച്ചമർത്താൻ കാരണമാകുമെന്നും സൂചിപ്പിക്കുന്നു. പ്രോട്ടീനുകളെ എൻകോഡ് ചെയ്യുന്ന സംവിധാനങ്ങൾ ഗവേഷകസംഘം ഇതിനായി ഉപയോഗിച്ചു.
‘ഇത് ഒരു വലിയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒടുവിൽ അപൂർവവും പ്രധാനപ്പെട്ടതുമായ ഈ പുതിയ രക്തഗ്രൂപ്പ് സംവിധാനം കണ്ടെത്താനായെന്നും രോഗികൾക്ക് മികച്ച പരിചരണം നൽകാൻ കഴിയുന്ന പ്രയത്നത്തിന്റെ പരിസമാപ്തിയാണിതെന്നും യു.കെ നാഷനൽ ഹെൽത്ത് സർവിസ് ഹെമറ്റോളജിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു. ഏകദേശം 20 വർഷത്തോളം വ്യക്തിപരമായി ഇവർ ഈ ഗവേഷണത്തിനു ചെലവഴിച്ചു.
എ,ബി,ഒ രക്തഗ്രൂപ്പുകളും അതിന്റ ഗുണ ദോഷങ്ങളും നമുക്ക് പരിചിതമാണ്. എന്നാൽ, മനുഷ്യരിൽ രക്തകോശങ്ങളെ ആവരണം ചെയ്യുന്ന വ്യത്യസ്ത ഉപരിതല പ്രോട്ടീനുകളുടെയും പഞ്ചസാരയുടെയും അടിസ്ഥാനത്തിൽ വിവിധതരം രക്തഗ്രൂപുകളുണ്ട്. സ്വന്തത്തെ മറ്റൊരാളിൽനിന്ന് വേർതിരിക്കുന്നതിന് നമ്മുടെ ശരീരം ഈ ആന്റിജൻ തന്മാത്രകളെ തിരിച്ചറിയൽ അടയാളങ്ങളായി ഉപയോഗിക്കുന്നു. രക്തം സ്വീകരിക്കുമ്പോൾ പൊരുത്തം നോക്കുന്നതും ഈ പ്രത്യേകതകൾ വെച്ചാണ്. മിക്ക പ്രധാന രക്തഗ്രൂപ്പുകളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് തിരിച്ചറിഞ്ഞത്.