--- പരസ്യം ---

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ചീവ് ഖന്ന ചുമതലയേറ്റു. കാലത്ത് 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. അടുത്ത വര്‍ഷം മെയ് 13വരെ അദ്ദേഹത്തിന് കാലാവധിയുണ്ടാകും. ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

2019 ജനുവരി 18ന് സുപ്രിംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസ് ഖന്ന ഇലക്ട്രല്‍ ബോണ്ട്, കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കല്‍ പോലുള്ള നിരവധി കേസുകളില്‍ സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിട്ടുണ്ട്.

ഇ.വി.എം, 370ാം വകുപ്പ് തുടങ്ങിയ കേസുകളിലും ബെഞ്ചിന്റെ ഭാഗമായിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത് വരെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു ഡല്‍ഹി സ്വദേശി കൂടിയായ ഖന്ന. മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ദേവ് രാജ് ഖന്നയുടെ മകനാണ്. അടിയന്തരാവസ്ഥക്കാലത്ത് വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് എ.ഡി.എം ജബല്‍പൂര്‍ കേസില്‍ ഇന്ദിരാഗാന്ധിയുടെ നിലപാടിനെതിരേ ഭിന്നവിധിയെഴുതിയ സുപ്രിംകോടതി ജഡ്ജി ഹാന്‍സ് രാജ് ഖന്നയുടെ മരുമകനാണ് സഞ്ജീവ് ഖന്ന. ഈ വിധിയെത്തുടര്‍ന്ന് ഹാന്‍സ് രാജ് ഖന്നയ്ക്ക് അടുത്ത ചീഫ് ജസ്റ്റിസാകാനുള്ള അവസരം നഷ്ടപ്പെടുകയും മുന്‍ഗണന മറികടന്ന് സര്‍ക്കാര്‍ എച്ച്.ആര്‍ ബേഗിനെ നിയമിക്കുകയും ചെയ്തിരുന്നു.

1960 മെയ് 14 ന് ജനിച്ച സഞ്ജീവ് ഖന്ന ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം നേടിയത്. 1983ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. തിസ്ഹസാരി ജില്ലാ കോടതികളിലും പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. ആദായനികുതി വകുപ്പിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 2004ല്‍ ഡല്‍ഹിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സലായി. അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

--- പരസ്യം ---

Leave a Comment