കീഴരിയൂർ: ജല്‍ ജീവന്‍ മിഷന്‍ പൈപ്പിടല്‍ കാരണം ഗതാഗതം ദുഷ്‌കരമായ കൊല്ലം-നെല്യാടി -മേപ്പയ്യൂര്‍ റോഡ് പുനരുദ്ധരിക്കാന്‍ രണ്ടുകോടി 49 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമുളള പ്രവൃത്തി തുടങ്ങിപ്പോള്‍ ശകുനം മുടക്കി ജല്‍ ജീവന്‍ മിഷന്‍. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ ഭാഗത്ത് പ്രവൃത്തി തുടങ്ങിയത്. എന്നാല്‍ പണി തുടങ്ങിയിടത്ത് തന്നെ കഴിഞ്ഞ ദിവസം രാത്രി ജല്‍ ജീവന്‍ മിഷന്‍ കരാറുകാരെത്തി വലിയ കുഴി കുഴിച്ചത് വലിയ വെല്ലുവിളിയായിട്ടാണ് കേരള റോഡ് ഫണ്ട് അധികൃതര്‍ കണക്കാക്കുന്നത്.
യാതൊരു വിധത്തിലുളള അനുമതി വാങ്ങാതെയുമാണ് ഇവര്‍ കുഴിയെടുത്തതെന്ന് കാണിച്ച് കെ.ആര്‍.എഫ് എഞ്ചിനിയര്‍ മേപ്പയ്യൂര്‍ പോലീസില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയും വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇതോടെ രണ്ടു വകുപ്പുകള്‍ തമ്മിലുളള ഏറ്റുമുട്ടലിലേക്ക് വിഷയം കടക്കും.
റീ ടാറിംങ് പ്രവൃത്തിയാണ് മേപ്പയ്യൂര്‍ കൊല്ലം റോഡില്‍ തുടങ്ങിയത്. ഇതിനായി 2.49 കോടി രൂപയാണ് അടിയന്തര നവീകരണ പ്രവൃത്തിക്കായി അനുവദിച്ചത്. കൊല്ലം -നെല്യാടി-മേപ്പയ്യൂര്‍ റോഡില്‍ കടുത്ത യാത്രാ ദുരിതമാണ്. പൊട്ടിപൊളിയാന്‍ ഒരിടവും ഈ റോഡില്‍ ബാക്കിയുണ്ടായിരുന്നില്ല.നെല്യാടിപ്പാലം മുതല്‍ മേപ്പയ്യൂര്‍ ഭാഗം വരെ ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടാന്‍ റോഡ് വശം കീറിയതും, മഴക്കാലത്ത് റോഡ് തകര്‍ന്നതുമെല്ലാം കാരണം വാഹന ഗതാഗതം അതീവ പ്രയാസമേറിയതായിരുന്നു. റോഡ് തകര്‍ച്ച കാരണം മിക്ക ബസ്സുകള്‍ ട്രിപ്പുകള്‍ ഒഴിവാക്കുന്ന അവസ്ഥയിലായിരുന്നു.