ദുബായ്: ഓഹരി വിപണി രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ലുലു ഗ്രൂപ്പ് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ദുബായില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഓഹരിവില്‍പ്പനയിലൂടെ 15000 കോടിയില്‍ അധികം രൂപ ലുലു സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന പണത്തിലൂടെ ലുലു തങ്ങളുടെ ബിസിനസ് പുതിയ തലങ്ങളിലേക്ക് ഉയർത്താന്‍ പോകുന്നുവെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
അഹമ്മദാബാദും വിശഖപട്ടണവും അടക്കമുള്ള നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ വമ്പന്‍ പദ്ധതികള്‍ ലുലു ഗ്രൂപ്പിന്റേതായിട്ട് വരാനുണ്ട്. അതോടൊപ്പം തന്നെ തങ്ങളുടെ സ്വന്തം തട്ടകമായ ഗള്‍ഫ് മേഖലയിലും വിപുലമായ പദ്ധതികളാണ് ലുലുവിനുള്ളത്. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലായി അടുത്ത വർഷത്തിനുള്ളി നൂറ് പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എംഎ യൂസഫ് അലി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ഐ പി ഒയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഗള്‍ഫ് മേഖലയിലെ ലുലുവിന്റെ ഭാവി പദ്ധതികളെക്കുറിച്ച് യൂസഫ് അലി വ്യക്തമാക്കിയത്. “ജി സി സിയിലേത് വളരെ ശക്തമായ ഒരു സമ്പദ്വ്യവസ്ഥയാണ്, ലുലു ഇന്ന് ഒരു പാൻ ജി സി സി റീട്ടെയിലറാണ്. ജനസംഖ്യ വളരുകയാണ്, അതുകൊണ്ട് തന്നെ കൂടുതൽ റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ ആവശ്യകതയുണ്ട്.” എം എ യൂസഫ് അലി പറഞ്ഞു.
ഇപ്പോള്‍ തന്നെ പുതിയ 91 സ്റ്റോറുകള്‍ തുറക്കുന്നതുമായി സംബന്ധിച്ച ചർച്ചകള്‍ നടന്ന് വരികയാണെന്ന് ലുലു റീട്ടെയിൽ സി ഇ ഒ സൈഫി രൂപാവാലയും വ്യക്തമാക്കി. ചർച്ചകള്‍ പൂർത്തിയാകുന്നതോട് ഇത് 100 ലേക്ക് എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗള്‍ഫ് മേഖലയിലെ മാത്രം കണക്കുകളാണ് ഇത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സ്റ്റോറുകളുടെ എണ്ണം ഇതിന് പുറത്താണ് വരുന്നത്.
ലുലു ഗ്രൂപ്പ് ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നുവെന്ന വാർത്ത മലയാളി ഉദ്യോഗാർത്ഥികളെ സംബന്ധിച്ചും പ്രതീക്ഷ നല്‍കുന്നതാണ്. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങാണ് പുതിയ ലുലു സ്ഥാപനങ്ങളിലൂടെ മാത്രം ലഭ്യമാകുക. “നിലവിൽ ഞങ്ങൾക്ക് 50000 ജീവനക്കാരും 240 സ്റ്റോറുകളുമുണ്ട്. 91 സ്റ്റോറുകൾ കൂടി വരുന്നതോടെ, തീർച്ചയായും തൊഴിലവസരങ്ങൾ ഉണ്ടാകും,” സൈഫി രൂപവാലയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വ്യത്യസ്ത വലുപ്പത്തിലുള്ള സ്റ്റോറുകളാണ് വരാന്‍ പോകുന്നത് എന്നതിനാല്‍ തന്നെ എത്രത്തോളം ഒഴിവുകളായിരിക്കും ഉണ്ടാകുകയെന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും നിലവിലെ ലുലുവിന്റെ ഔട്ട്ലറ്റുകളുടേയും ജീവനക്കാരുടേയും എണ്ണം കണക്കാക്കുമ്പോള്‍ പുതുതായി വരുന്ന 100 സ്റ്റോറുകളിലേക്ക് ആയിരക്കണക്കിന് തൊഴിലാളികളെ വേണ്ടി വരുമെന്ന് ഉറപ്പാണ്. സ്വാഭാവികമായും ഇവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് കേരളത്തില്‍ നിന്നുള്‍പ്പെടെ നടക്കും
യു എ ഇയിലും സൗദി അറേബ്യയിലുമായിരിക്കും ലുലു ഗ്രൂപ്പ് കൂടുതല്‍ പുതിയ സ്റ്റോറുകള്‍ തുറക്കുക. പ്രവാസികളുടെ വർധിച്ച് വരുന്ന ജനസംഖ്യ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഗള്‍ഫ് മേഖലയ്ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളിലും വിയറ്റ്നാം അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ലുലു പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ പോകുകയാണ്.
ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ തുടക്കത്തില്‍ പറഞ്ഞത് പോലെ അഹമ്മദബാദിനും വിശാഖപട്ടണത്തിനും പുറമെ ചെന്നൈ, നോയിഡ ഉള്‍പ്പെടേയുള്ള നഗരങ്ങളിലും ലുലു വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിചിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ കോട്ടയം, കൊട്ടിയം, തിരൂർ, പെരിന്തല്‍മണ്ണ തുടങ്ങിയ ഇടങ്ങളിലും ലുലുവിന്റെ മാളുകള്‍ വരാന്‍ പോകുകയാണ്.