എല്ലായിടത്തും വൈറല്‍ പനി പടര്‍ന്നുപിടിക്കുകയാണ്. ഒരാള്‍ക്ക് പനി വന്നാല്‍ വീട്ടിലെ മുഴുവനാളുകള്‍ക്കും പനി വരാറുണ്ട്. അതുകൊണ്ട് തന്നെ പനിയും തലവേദനയുമൊക്കെ കാരണം പലരും ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്.
സാധാരണ രീതിയില്‍ പനി രണ്ടില്‍ക്കൂടുതല്‍ ദിവസം നില്‍ക്കാറില്ല. എന്നാല്‍ തുടര്‍ന്നുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളാണ് പലരിലും ബുദ്ധിമുട്ടുണ്ടാക്കുന്നത്. മാസങ്ങളോളം ക്ഷീണം നിലനില്‍ക്കുന്നത് വൈറല്‍ പനിയുടെ പ്രധാന പ്രശ്‌നം.
എപ്പോഴും ഉറങ്ങാന്‍ തോന്നുക, തളര്‍ച്ച, ഭക്ഷണത്തിനോട് തോന്നുന്ന വിരക്തി, ചടഞ്ഞുകൂടിയിരിക്കുക… തുടങ്ങിയ കാര്യങ്ങള്‍ പനി ബാധിച്ചവര്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളാണ്. കൂടാതെ ശ്രദ്ധക്കുറവ്, തലവേദന, പേശികള്‍ക്ക് വേദനയും മുറുക്കവും, തൊണ്ട വേദന, ജോയിന്റുകള്‍ മുറുകുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും വൈറല്‍പനിയുടെ പരിണിത ഫലങ്ങളാണ്. ഇത് കൂടുതല്‍ നാള്‍ വരെ നീണ്ടു നിന്നാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടണം.
വൈറല്‍ പനി കഴിഞ്ഞാലും ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ ഒരുപക്ഷെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
പോഷക ഗുണങ്ങളുള്ള ഭക്ഷണവും അതുപോലെ വൈറ്റമിനുകളും കഴിക്കുന്നത് ഒരു പരിധി വരെ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കാറുണ്ട്.
വീട്ടിലിരുന്ന് ഇക്കാര്യങ്ങള്‍ ചെയ്യാം
- രാത്രിയില്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂറെങ്കിലും കുറഞ്ഞത് ഉറങ്ങാന്‍ ശ്രമിക്കുക.
- അതുപോലെ ഇടയ്ക്ക് ക്ഷീണം തോന്നുമ്പോഴും ഉറങ്ങുന്നത് നല്ലതാണ്.
- ധാരാളം വെള്ളം കുടിക്കുന്നത് ഈ പ്രശ്‌നത്തെ ഒഴിവാക്കാന്‍ സഹായിക്കും.
- പകല്‍ സമയത്ത് ചെറിയ വ്യായാമങ്ങളിലും ഏര്‍പ്പെടാം.
- അമിതമായ എണ്ണമയമുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി പോഷക ഗുണമുള്ള ഭക്ഷണം കഴിക്കുക.