കൊല്ലം: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയില്‍വേ ട്രാക്കുകളിലും റീല്‍സുകള്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ. ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ റെയില്‍വെ മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം എല്ലാ സോണുകള്‍ക്കും നിര്‍ദേശം നല്കി.
മൊബൈലുകളും കാമറകളും ഉപയോഗിച്ച് അനധികൃതമായി റീലുകള്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ആര്.പി.എഫിനും റെയില്‍വേ പൊലിസിനും നിര്‍ദേശം ലഭിച്ചു. സുരക്ഷിതമായ ട്രെയിന്‍ ഗതാഗതത്തിന് ഭീഷണിയും കോച്ചുകള്‍ക്കും റെയില്‍വേ പരിസരത്തെ യാത്രക്കാര്‍ക്കും അസൗകര്യവും ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റെയില്‍വേയുടെ മുന്നറിയിപ്പ്.
റെയില്‍വേ ട്രാക്കുകളിലെയും ഓടുന്ന ട്രെയിനുകളിലെയും സ്റ്റണ്ടുകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ്. അടുത്തിടെ ഇങ്ങനെ ചിത്രീകരിച്ച നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റീല്‍സ് ചിത്രീകരിക്കുന്നതിനായി റെയില്‍വേ ട്രാക്കിലൂടെ വാഹനങ്ങള്‍ ഓടിക്കുന്ന കേസുകൾ വരെയുണ്ട്.
സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി ജീവന് നഷ്ടപ്പെടുന്നതും വര്‍ധിച്ചുവരുകയാണെന്നും റെയിൽവേ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകൾ ഇന്ത്യൻ റെയിൽവേയുടെ സൽപേരിന് മങ്ങലേൽപ്പിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് കടന്നതെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.