അമ്പലപ്പുഴയിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു, ഫോൺ കണ്ണൂരിലേക്കുള്ള ബസിൽ ഉപേക്ഷിച്ചു

By admin

Published on:

Follow Us
--- പരസ്യം ---

അമ്പലപ്പുഴ: കാണാതായെന്ന ബന്ധുക്കൾ പരാതി നൽകിയ യുവതി ക്രൂരമായി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ സുഹൃത്തും കരൂർ സ്വദേശിയുമായ ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യം സിനിമ മോഡൽ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പറയുന്നു.

പ്ലെയർകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്.

പുറക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന ജയചന്ദ്രന്റെ വീടിന് സമീപം നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നാണ് പൊലീസ് നിഗമനം. നവംബർ ഏഴിനാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതെറ്റിക്കാൻ കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ ഉപേക്ഷിക്കുകയായിരുന്നു.

സ്വിച്ച് ഓഫ് ആയ നിലയിലുള്ള മൊബൈൽ ഫോൺ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് കണ്ടക്ടറാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.

മത്സ്യത്തൊഴിലാളിയായിരുന്ന ജയചന്ദ്രൻ കൊലപാതകത്തിന് ശേഷം ഹാർബറിൽ ജോലിക്ക് പോയിരുന്നു. ശക്തികുളങ്ങര ഹാർബറിൽ വെച്ചാണ് ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും മൊഴിയിലുണ്ട്.

--- പരസ്യം ---

Leave a Comment

error: Content is protected !!