മുംബൈ: രാജ്യത്ത് വ്യാപകമായ ഡിജിറ്റൽ തട്ടിപ്പിൽ ഐ.ഐ.ടി വിദ്യാർഥിയും കുടുങ്ങി. 7.29 ലക്ഷം രൂപയാണ് 25കാരനായ ഐ.ഐ.ടി ബോംബെ വിദ്യാർഥിക്ക് നഷ്ടമായത്.
അജ്ഞാത നമ്പറിൽ നിന്നും വിദ്യാർഥിക്ക് കോൾ ലഭിക്കുകയായിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ജീവനക്കാരനെന്ന് പറഞ്ഞാണ് തട്ടിപ്പുകാരൻ സമീപിച്ചത്. വിദ്യാർഥിയുടെ മൊബൈൽ നമ്പറിൽനിന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 17 പരാതികളുണ്ടെന്ന് തട്ടിപ്പുകാരൻ പറഞ്ഞു. നമ്പർ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പൊലീസിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്നും ഇയാൾ പറഞ്ഞു.
തുടർന്ന് ഇയാൾ കോൾ മറ്റൊരാൾക്ക് കൈമാറി. വാട്സ്ആപ് വിഡിയോ കോളിൽ പൊലീസ് വേഷത്തിലായിരുന്നു രണ്ടാമത്തെ തട്ടിപ്പുകാരൻ. വിദ്യാർഥി കള്ളപ്പണം വെളുപ്പിക്കുന്നതിന് തെളിവുണ്ടെന്ന് പറഞ്ഞ ഇയാൾ ആധാർ കാർഡ് നമ്പർ ആവശ്യപ്പെട്ടു. കൂടാതെ, അറസ്റ്റ് ഒഴിവാക്കാൻ 29,500 രൂപ യു.പി.ഐ വഴി അയക്കാൻ പറഞ്ഞ് വിദ്യാർഥിയെ സമ്മർദത്തിലാക്കി. തുടർന്ന് വിദ്യാർഥിയെ സംഘം ഡിജിറ്റൽ അറസ്റ്റിലാക്കി.
ആരെയും ബന്ധപ്പെടരുതെന്നും ഇക്കാര്യം ആരെയും അറിയിക്കരുതെന്നും പൊലീസ് വേഷത്തിലെ തട്ടിപ്പുകാർ പറഞ്ഞു. വിദ്യാർഥി ഇത് വിശ്വസിക്കുകയും ചെയ്തു. അടുത്ത ദിവസം തട്ടിപ്പുകാരിൽനിന്ന് വീണ്ടും ഫോൺ വന്നു. വിദ്യാർഥി തന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കുകയും ഏഴ് ലക്ഷം രൂപ നൽകുകയുമായിരുന്നു. ഇതോടെ, വിദ്യാർഥി സുരക്ഷിതനാണെന്നും അറസ്റ്റ് വേണ്ടിവരില്ലെന്നും സംഘം പറഞ്ഞു.
ഇതിനെല്ലാം ശേഷം സംശയം തോന്നിയ വിദ്യാർഥി പൊലീസിൽ പരാതി നൽകുകയായിരുന്നു.