ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തൽസ്ഥാനത് നിന്ന് മാറ്റി. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റി നിയമിച്ചത്. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിന്റെ ഗവർണറായെത്തും. മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്.
ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല മണിപ്പൂരിെൻറയും ജനറൽ വി.കെ സിങ് മിസോറമിെൻറയും ഗവർണറാകും. ഒഡിഷ ഗവർണർ രഘുഭർ ദാസിെൻറ രാജി രാഷ്ട്രപതി അംഗീകരിച്ചു. പകരം മിസോറമിലെ ഗവർണർ ഹരി ബാബു കമ്പംപട്ടിയെ ഒഡിഷ ഗവർണറായി നിയമിച്ചു.
ഗോവയിലെ ബിജെപി നേതാവായ ആർലേകർ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 2021-2023 കാലയളവിൽ ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായും എൽ.ഡി.എഫ് സർക്കാറുമായും നല്ല ബന്ധമല്ല ആരിഫ് മുഹമ്മദ് ഖാൻ തുടർന്നിരുന്നത്.ബില്ലുകളിലെ ഒപ്പിടലിൽ തുടങ്ങി വി.സി നിയമനം വരെയുള്ള വിഷയങ്ങളിൽ സർക്കാറും ഗവർണറും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും ഗവർണർ സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം ഉണ്ടായത്.
പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി. നിരുത്തരവാദപരമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഗവർണർ വിമർശിച്ചിരുന്നു.
എസ്.എഫ്.ഐ വിദ്യാർഥി സംഘടനയല്ല, ക്രിമിനൽ സംഘമാണെന്നും ഗവർണർ ആരോപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിദേശ പ്രതിനിധികൾക്ക് മുന്നിൽ കേരളത്തെ അപമാനിക്കാനാണ് ശ്രമം നടന്നത്. സർക്കാരിന്റെ പിന്തുണയില്ലാതെ എങ്ങനെയാണ് ഇത് നടക്കുന്നത്? ഞാൻ ഭയപ്പെടുന്നില്ലെന്ന് എസ്.എഫ്.ഐക്ക് അറിയാം. ഇത്തരത്തിലുള്ള നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ചാൻസലർ എന്ന നിലയിൽ കടുത്ത നടപടിയുണ്ടാകുമെന്നും ഗവർണർ അറിയിച്ചിരുന്നു.