ത്രിതല പഞ്ചായത്തുകളിൽ കെ സ്മാർട്ട് സോഫ്റ്റ്വെയർ ഉപയോഗം ഏപ്രിൽ ഒന്ന് മുതൽ. നിലവിലെ സോഫ്റ്റ്വെയറിന് പകരം കെ സ്മാർട്ട് സോഫ്റ്റ്വെയർ വിന്യസിക്കുന്നതിനാൽ മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ വിവിധ സേവനങ്ങൾക്ക് പഞ്ചായത്തുകളിൽ അപേക്ഷിക്കാൻ കഴിയില്ല.
ഏപ്രിൽ ഒന്നു മുതൽ ഒമ്പത് വരെ ഉദ്യോഗസ്ഥതലത്തിലും സോഫ്റ്റ്വെയറുകൾ പ്രവർത്തിക്കില്ല. ജനനമരണ-വിവാഹ രജിസ്ട്രേഷനുകളിൽ നിലവിലുള്ള മുഴുവൻ അപേക്ഷകളും പാസ്റ്റ് ഡാറ്റ എൻട്രി നടത്തിയിട്ടുള്ള രേഖകളും മാർച്ച് 31നകം തീർപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പിൽ ഡയരക്ടറേറ്റ് തദ്ദേശ സ്ഥാപന അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കെട്ടിട നിർമാണ അനുമതിക്കുള്ള അപേക്ഷകൾ ‘സങ്കേതം’ വഴി സ്വീകരിക്കുന്നത് 31ന് നിർത്തലാക്കും. ‘സങ്കേതം’ മുഖേന ലഭിച്ച നിലവിലുള്ള അപേക്ഷകൾ ഏപ്രിൽ 30നകം തീർപ്പാക്കണം.
കെ സ്മാർട്ടിൽ പൊതുജനങ്ങൾ അപേക്ഷകളും പരാതികളും മറ്റും സ്വന്തം ലോഗിൻ മുഖേനയാണ് നൽകേണ്ടത്. അതിനാൽ തദ്ദേശ സ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫിസ് അപ്രധാനമാകും. എങ്കിലും ആളുകൾക്ക് സാങ്കേതികവിദ്യയിൽ പരിജ്ഞാനം ഉണ്ടാകുന്നതുവരെ പഞ്ചായത്ത് ഓഫിസുകളിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കും.
സെന്ററിന്റെ ചുമതല പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർക്ക് ആയിരിക്കും. ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിനും അപേക്ഷകൾ നൽകുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും സെന്ററിൽ സൗകര്യം ഉണ്ടാകണമെന്ന് പ്രിൻസിപ്പൽ ഡയരക്ടറേറ്റിന്റെ നിർദേശത്തിൽ പറയുന്നു.