ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ കാലങ്ങളായി കാത്തിരിക്കുന്ന ഐപിഎൽ ആരംഭിക്കുന്നതിന് മുന്നോടിയായി കാണികളും ആവേശത്തിലാണ്. തങ്ങളുടെ പ്രിയ താരങ്ങൾ ഓരോ ഫ്രാഞ്ചൈസിക്ക് കീഴിൽ അണിനിരക്കുന്നത് കാണാൻ എല്ലാവരും ഒരുപോലെ കാത്തിരിക്കുകയാണ്.
സ്റ്റേഡിയത്തിൽ നേരിട്ടെത്തി കളി കാണുന്നത് വളരെ ചുരുക്കം ആളുകൾ മാത്രമാണ്. അതിന്റെ നൂറിരട്ടി പേരാണ് ഓൺലൈനായി തത്സമയം മത്സരം വീക്ഷിക്കുന്നത്. മുൻപൊക്കെ ടിവി ചാനലുകൾ മാത്രമായിരുന്നു അതിന് ആശ്രയിച്ചു കൊണ്ടിരുന്നത്. പിന്നീട് ഒടിടിയിലേക്ക് കൂടി ഇത് വഴിമാറിയിരിക്കുകയാണ്.
ഐപിഎൽ സാധാരണയായി കോടികണക്കിന് കാഴ്ചക്കാരെ ആശ്രയിക്കുന്ന ഒരു ടൂർണമെന്റാണ്. മത്സരം ചിലപ്പോൾ സർവകാല റെക്കോർഡുകളിൽ എത്താറുമുണ്ട്. എന്നാൽ ഒടിടി മുഖേനയുള്ള മത്സരം വീക്ഷിക്കാൻ ഒരൽപ്പം ചിലവേറിയതാണ് എന്നാണല്ലോ പൊതുവെയുള്ള പരാതി. അതിനെയൊക്കെ തകർത്തിരിക്കുകയാണ് ജിയോ ഇപ്പോൾ.
ഏറ്റവും കുറഞ്ഞ ചില ചിലവിൽ ഐപിഎൽ കാണാനുള്ള വഴിയാണ് ഇപ്പോൾ ജിയോ ഒരുക്കുന്നത്. അതിനായി അവരുടെ മികച്ച പ്ലാനുകൾ അണിനിരത്തുകയാണ് കമ്പനി ഇപ്പോൾ. കൂടാതെ നിർണായകമായ ഒരു പ്രഖ്യാപനവും അവർ നടത്തിക്കഴിഞ്ഞു. തങ്ങളുടെ ഉപഭോക്താക്കൾക്ക് സൗജന്യമായി ഐപിഎൽ കാണാനുള്ള വഴിയാണ് ജിയോ തുറന്നിടുന്നത്.
ജിയോയുടെ വക കിടിലൻ സമ്മാനം
റിലയൻസ് ജിയോയുടെ ചില മൊബൈൽ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ഇപ്പോഴും സൗജന്യമായി ഐപിഎൽ മത്സരങ്ങൾ കാണാൻ കഴിയുമെന്ന് കമ്പനി അറിയിക്കുകയായിരുന്നു. 299 രൂപയോ അതിൽ കൂടുതലോ ഉള്ള തുകയ്ക്ക് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് റിലയൻസ്-ഡിസ്നി സംയുക്ത സംരംഭത്തിന് കീഴിൽ പുതുതായി രൂപീകരിച്ച സ്ട്രീമിംഗ് സേവനമായ ജിയോ ഹോട്ട്സ്റ്റാർ വഴി ഐപിഎൽ മത്സരങ്ങൾ സൗജന്യമായി കാണാൻ കഴിയും.
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഇവന്റുകളിലൊന്നായ ഐപിഎൽ മാർച്ച് 22 മുതൽ മെയ് 25 വരെയാണ് നടക്കുക. നേരത്തെ ജിയോയും ഹോട്ട്സ്റ്റാറും ലയിച്ച ശേഷം സൗജന്യമായി ഐപിഎൽ കാണാൻ കഴിയില്ലെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി ജിയോ രംഗത്ത് വന്നത്.
ഐപിഎല്ലിന്റെയും മറ്റ് പ്രധാന ക്രിക്കറ്റ് ഇവന്റുകളുടെയും മാധ്യമ അവകാശങ്ങൾക്കായി റിലയൻസ്-ഡിസ്നി സംരംഭം സമീപ വർഷങ്ങളിൽ ഏകദേശം 10 ബില്യൺ ഡോളർ മുടക്കിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തവണ സൗജന്യ സ്ട്രീമിംഗ് ഉണ്ടാവില്ലെന്നാണ് കരുതിയത്. ഇതിനെയൊക്കെ കാറ്റിൽപറത്തിയാണ് ജിയോയുടെ തീരുമാനം.