കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 10 മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്. പ്രസ്തുത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ എഴുത്ത് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.
ഗേറ്റ് 2023, ഗേറ്റ് 2024, ഗേറ്റ് 2025 എന്നിവയുടെ സ്കോറുകള്‍ 1:12 എന്ന അനുപാതത്തില്‍ പരിഗണിച്ച് തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് ട്രെയിനി 2025 തസ്തികയിലേക്കുള്ള വ്യക്തിഗത അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 400 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
‘വിവിധ പരിശീലന, വികസന പരിപാടികളിലൂടെയും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പ്രമോഷനുകളിലൂടെയും ആകര്‍ഷകമായ അവസരങ്ങള്‍ നിറഞ്ഞ ഒരു എക്സിക്യൂട്ടീവ് അന്തരീക്ഷം കമ്പനി വാഗ്ദാനം ചെയ്യുന്നു. അതിനാല്‍, യോഗ്യതയുള്ളവരും കഠിനാധ്വാനികളുമായ എക്സിക്യൂട്ടീവുകള്‍ക്ക് കരിയര്‍ വളര്‍ച്ചയ്ക്കും വികസനത്തിനും മികച്ച സാധ്യതകളുണ്ട്,’ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.
രജിസ്ട്രേഷന് വിന്‍ഡോ തുറന്ന് കഴിഞ്ഞാല്‍ താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് npcilcareers.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗേറ്റ് 2023, ഗേറ്റ് 2024, ഗേറ്റ് 2025 സ്കോറുകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്ക് അര്‍ഹതയുള്ളൂ. 2022 നോ അതിന് മുമ്പോ ഉള്ള ഗേറ്റ് സ്കോറുകള്‍ പരിഗണിക്കില്ല.
ജനറല്‍ / ഇ ഡബ്ല്യു എസ് / ഒ ബി സി വിഭാഗങ്ങളില്‍പ്പെട്ട പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ 500 രൂപയും ബാധകമായ ബാങ്ക് ചാര്‍ജുകളും ഉള്‍പ്പടെയുള്ള അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. അപേക്ഷാ ഫീസ് ഏപ്രില്‍ 10 (രാവിലെ 10:00) മുതല്‍ ഏപ്രില്‍ 30 (വൈകുന്നേരം 4:00) വരെ ഏത് ദിവസവും അടയ്ക്കാം. എസ് സി/എസ് ടി, ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവര്‍, മുന്‍ സൈനികര്‍, ഡി ഒ ഡി പി കെ ഐ എ, വനിതാ ഉദ്യോഗാര്‍ത്ഥികള്‍, എന്‍ പി സി ഐ എല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല.
അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷകര്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, യു പി ഐ മുതലായ ഡിജിറ്റല്‍ പേയ്മെന്റ് രീതി ഉപയോഗിച്ച് ഇന്റഗ്രേറ്റഡ് പേയ്മെന്റ് ഗേറ്റ്വേ വഴി ഓണ്‍ലൈനായി അപേക്ഷാ ഫീസ് അടയ്ക്കണം.