‘ഒരുമിക്കാം രാസലഹരിക്കെതിരേ’ കാമ്പെയിനിന് ബാലുശ്ശേരിയിൽ പന്ത് തട്ടിക്കൊണ്ട് റൂറൽ എസ്‌പി കെ.ഇ. ബൈജു തുടക്കമിട്ടപ്പോൾ
മേയ് ഒന്നുമുതൽ 15 വരെ കായികമത്സരങ്ങൾ
ബാലുശ്ശേരി : ലഹരിവിരുദ്ധപ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് റൂറൽ പോലീസ് സംഘടിപ്പിക്കുന്ന ‘ഒരുമിക്കാം രാസലഹരിക്കെതിരേ’ കാമ്പെയിനിന്റെ ഭാഗമായി സൗഹൃദ കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നു. വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ. ബൈജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. വടകര സബ് ഡിവിഷനിൽ ക്രിക്കറ്റ് മത്സരവും പേരാമ്പ്ര സബ് ഡിവിഷനിൽ ഫുട്ബോൾ മത്സരവും നടത്തും.
താമരശ്ശേരി സബ് ഡിവിഷനിൽ നടത്തേണ്ട വോളിബോൾ മത്സരം ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും.
രാസലഹരിക്കെതിരേ പരിശോധന കർശനമാക്കി
കോഴിക്കോട് റൂറൽ പോലീസ് ഫെബ്രുവരി 22 മുതൽ മുതൽ ഏപ്രിൽ 20 വരെ നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി 511 കേസുകൾ രജിസ്റ്റർചെയ്തു. 537 പ്രതികളെ അറസ്റ്റുചെയ്തു. 200 ഗ്രാം എംഡിഎംഎയും 20 കിലോഗ്രാം കഞ്ചാവും 426 കഞ്ചാവ് ബീഡികളും 147.7 ഗ്രാം മെത്താഫെറ്റമിനും 18 ഗ്രാം ബൗൺഷുഗറും അഞ്ചോളം നൈട്രാസിപ്പാം ടാബ്‌ലറ്റ്സും അടക്കമുള്ള മാരകലഹരിവസ്തുക്കളും അഞ്ച് കഞ്ചാവുചെടിയും പിടിച്ചെടുത്തു.
സ്ഥിരം ലഹരിവിൽപ്പനക്കാരായവരെ നിയമത്തിനുമുൻപിൽ കൊണ്ടുവരാനും കാപ്പ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കാനും നാടുകടത്താനും വേണ്ട നടപടികളും ഈകാലയളവിൽ ഊർജിതമാക്കിയെന്നും റൂറൽ എസ്‌പി അറിയിച്ചു. താമരശ്ശേരി ഡിവൈഎസ്‌പി കെ. സുഷീർ, വടകര ഡിവൈഎസ്‌പി ആർ. ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്‌പി വി.വി. ലത്തീഷ്, കെഡിഐഎ സെക്രട്ടറി ഷജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർചെയ്യേണ്ടത്
കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യുട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെ ‘ഒരുമിക്കാം രാസലഹരിക്കെതിരേ’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ വീഡിയോയുടെ കമൻറ് ബോക്സിൽ ലഹരിക്കെതിരേയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കളിയുടെയോ കളിയിടങ്ങളുടെയോ ഫോട്ടോകളോ വീഡിയോകളോ സഹിതം കമൻറ് രേഖപ്പെടുത്തുക. കമന്റ് ചെയ്‌ത ടീമുകളിൽനിന്ന് തിരഞ്ഞെടുക്കുന്ന ടീമുകളെ കോഴിക്കോട് റൂറൽ പോലീസ് സംഘടിപ്പിക്കുന്ന സൗഹൃദ ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുപ്പിക്കും. പോലീസ് ടീമുമായി ഒന്നിച്ച് ഒരുദിവസത്തെ വിനോദയാത്രയുമുണ്ടാകും. വിജയികൾക്ക് ജില്ലാ, സംസ്ഥാന പോലീസ് ടീമുകളുമായി സൗഹൃദമത്സരത്തിൽ പങ്കെടുക്കാം. ജില്ലാതലത്തിൽ വിജയികളാവുന്ന ടീമിന് കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഡിഐജി കണ്ണൂർ റെയ്ഞ്ച് ഏർപ്പെടുത്തിയിട്ടുള്ള സമ്മാനവും ലഭിക്കും.