ചായയാണ് നമ്മുടെ പ്രഭാതങ്ങളെ മിക്കവാറും എനര്ജിയുള്ളതും മനോഹരവുമാക്കുന്നത്. ഇതൊരു ശീലമാണ് പ്രത്യേകിച്ച് മലയാളികള്‍ക്ക്. ചായ എന്നത് ഏറെ അനാരോഗ്യകരമായ ഒന്നാണെന്നാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ വിദഗ്ധരും പറയുന്നത്. എന്നാല്‍ പിന്നെ ഒരു ആരോഗ്യമുള്ള ചായയാക്കിയാലോ. കാഴ്ചയില്‍ ചായയുമായി ഒട്ടും സാമ്യമില്ല, രുചിയിലും. എന്നാലോ ഊര്‍ജ്ജവും ഉണര്‍വ്വും നല്കാന് ബെസ്റ്റ്. നല്ല ഹെല്‍തിയും. ഇതാണ് ഈ കിടുക്കാച്ചി ചായയുടെ പ്രത്യേകത.
ജപ്പാന്‍കാരുടെ ‘മാച്ച’ യാണ് പുതിയ താരം. തേയിലയില്‍ നിന്നും ഉത്പാദിപ്പിക്കുന്നതിനാല്‍ ചായയുടെ കുടുംബത്തില്‍ പെട്ടത് തന്നെയാണ് കക്ഷി. എന്നാല്‍ കുറച്ച് വ്യത്യസ്തനാണ്. തണലത്ത് വളര്‍ത്തിയെടുക്കുന്ന ഇളം നിറത്തിലുള്ള തേയില ഇലകളില്‍ നിന്നാണത്രേ ഇത് ഉത്പാദിപ്പിക്കുന്നത്. പറിച്ചെടുക്കാനുള്ള ഇലകള്‍ അല്പം പോലും വെയില് കൊള്ളിക്കാതെ തണലില്‍ സംരക്ഷിക്കുന്നു. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിലൂടെ ആന്റി ഓക്സിഡന്റുകള്‍ നഷ്ടമാകാതിരിക്കനാണ് ഇങ്ങനെ ചെയ്യുന്നത്. തേയിലച്ചെടിയില്‍ നിന്നുള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ വിളവെടുപ്പില്‍ ലഭിക്കുന്ന ഇലകളാണ് മാച്ചയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇലകള്‍ ശ്രദ്ധാപൂര്‍വ്വം ആവിയില്‍ വേവിക്കുന്നു. പിന്നീട് അത് ഉണക്കി, തരംതിരിച്ച്, വേര്‍പെടുത്തി, നന്നായി അരച്ച്, മാച്ച (പച്ച നിറത്തിലുള്ള പൊടി) ആക്കുന്നു.

ജപ്പാനില്‍ നിന്നാണ് മാച്ചാ ടീയുടെ ഉത്ഭവം. ഒരുകാലത്ത് ജാപ്പനീസ് കുടുംബങ്ങള്‍ മാത്രം കുടിച്ചിരുന്ന മാച്ച പിന്നീട് പാശ്ചാത്യ രാജ്യങ്ങളിലുമെത്തി. ക്രമേണ ക്രമേണ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള ആരോഗ്യ പ്രേമികള്‍ മാച്ചയെ പ്രണയിച്ചു തുടങ്ങി. ഇന്ന് ഇന്ത്യയിലുള്‍പ്പെടെ വെല്‍നസ് രംഗത്ത് മാച്ച താരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ ഉയര്‍ന്ന അളവില്‍ ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് മാച്ചയെന്നും ആരോഗ്യപരമായി ഗുണങ്ങളേറെയുള്ള പാനീയമാണെന്നുമാണ് ന്യൂട്രിഷ്യനിസ്റ്റുകളുടെയും അഭിപ്രായം. സാധാരണ ഗ്രീന്‍ ടീയില്‍ നിന്ന് വ്യത്യസ്തമായി മാച്ചയ്ക്ക് കൂടുതല്‍ പോഷകമൂല്യം ഉണ്ടെന്നും ന്യൂട്രിഷ്യനിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ വില ഏറെ കൂടുതലാണത്രേ മാച്ചക്ക്. 50 ഗ്രാം മാച്ച പൊടിക്ക് 2000 രൂപ മുതല്‍ 3000 രൂപ വരെ നല്‍കേണ്ടി വരും.
(ഇക്കാര്യം ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രമേ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താന്‍ പാടുള്ളു)















