ശരീരത്തിന് അത്യാവശ്യം ഉണ്ടാവേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവില്‍ ഉപയോഗിച്ച് ബാക്കിയുള്ളവ വൃക്കകള്‍ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് കളയുകയാണ് പതിവ്. ഈ സമയത്ത് കാല്‍സ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികള്‍ വൃക്കയില്‍ പരലുകളായി രൂപപ്പെടുന്നതാണ്. ഇവ മൂത്രനാളത്തിലൂടെ കടന്നുപോകുമ്പോള്‍ അവയുടെ വലുപ്പത്തില്‍ വ്യത്യാസം രൂപപ്പെടുകയും കഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യും.’
നിര്‍ജ്ജലീകരണം, ചില ആരോഗ്യസ്ഥിതികള്‍ എന്നിവ അവയുടെ രൂപീകരണത്തിന് കാരണമാകുമെങ്കിലും ഭക്ഷണക്രമം ഒരു പ്രധാന പങ്ക് തന്നെ വഹിക്കുന്നുണ്ട്. ചില ഭക്ഷണങ്ങള്‍ മൂത്രത്തില്‍ ഓക്സലേറ്റ്, കാല്‍സ്യം, യൂറിക് ആസിഡ് അല്ലെങ്കില്‍ സോഡിയം എന്നിവയുടെ അളവ് വര്‍ധിപ്പിക്കും.
എന്തൊക്കെയാണ് വൃക്കയില്‍ കല്ലുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കേണ്ടത്.. ആര്‍ക്കാണ് മൂത്രത്തില്‍ കല്ലിന് കൂടുതല്‍ സാധ്യത?
ചീര
നിങ്ങള്‍ ചീര കഴിക്കുന്നവരാണെങ്കില്‍ ചീരയില്‍ ഓക്സലേറ്റുകള്‍ കൂടുതലുണ്ട്. ഇത് വൃക്കകളില്‍ കാല്‍സ്യവുമായി ബന്ധിപ്പിച്ച് കാല്‍സ്യം ഓക്സലേറ്റ് കല്ലുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ വലിയ അളവില്‍ ചീര കഴിക്കുന്നത് ഇതിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്.
ബീറ്റ്റൂട്ട്
ഉയര്‍ന്ന അളവില്‍ ഓക്സലേറ്റ് അടങ്ങിയവയാണ് ബീറ്റ്റൂട്ട് . കാല്‍സ്യം ഓക്സലേറ്റ് കല്ലുകള്‍ക്ക് സാധ്യതയുള്ള ആളുകള്‍ ബീറ്റ്റൂട്ട്, ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിതമായി മാത്രം ഉപയോഗിക്കുക. കാരണം ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് മൂത്രത്തില്‍ ഓക്സലേറ്റ് അടിഞ്ഞുകൂടുന്നത് ഗണ്യമായി വര്‍ധിപ്പിക്കുന്നതാണ്.
നട്സ്
നട്സ് കഴിക്കുന്നതാണ് മറ്റൊന്ന്. നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ബദാം, കശുവണ്ടി, നിലക്കടല തുടങ്ങിയ നട്സുകളില്‍ ഓക്സലേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൃക്കയില്‍ കല്ലുകള്‍ ഉള്ളവര്‍ നട്സ് കഴിക്കുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും.
ചോക്ലേറ്റ്
അമിതമായി ചോക്ലേറ്റ് കഴിക്കാറുണ്ടോ..? ഡാര്‍ക്ക് ചോക്ലേറ്റിലും കൊക്കോയിലും ഓക്സലേറ്റുകള്‍ കൂടുതലുണ്ട്. ചെറിയ അളവില്‍ ഇടയ്ക്കിടെ ഇത് നല്ലതായിരിക്കാമെങ്കിലും വൃക്കയിലെ കല്ലുകള്‍ക്ക് സാധ്യതയുള്ള ആളുകള്‍ക്ക് പതിവായി അല്ലെങ്കില്‍ അമിതമായി കഴിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നതാണ്.
ബ്ലാക് ടി
ഓക്സലേറ്റ് കൂടുതലുള്ള ഒരു പാനീയമാണ് ബ്ലാക്ക് ടീ. ഇത് അമിതമായി കുടിക്കുന്നത് ഓക്സലേറ്റിന്റെ അളവ് വര്‍ധിപ്പിക്കുകയും കല്ല് രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നതാണ്. ഹെര്‍ബല്‍ ടീ നിങ്ങള്‍ക്കു കുടിക്കാവുന്നതാണ്. കാരണം ഇവയില്‍ ഹെര്‍ബല്‍ ടീകളില്‍ ഓക്സലേറ്റിന്റെ അളവ് കുറവാണ്.
ഇറച്ചി
റെഡ് മീറ്റ് പ്രിയരാണെങ്കില്‍ നിര്‍ത്തിക്കോ. ചുവന്ന മാംസത്തില്‍ പ്യൂരിനുകള്‍ കൂടുതലാണ്. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. അമിതമായ യൂറിക് ആസിഡ് ഉണ്ടായാല്‍ കല്ലുകള്‍ക്ക് കാരണമാകും.















