സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചിച്ചിട്ടുണ്ട്. ഇടിമിന്നല്‍ വളരെ അപകടകാരിയാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അശ്രദ്ധകൊണ്ട് അപകടങ്ങള്‍ വിളിച്ചുവരുത്തരുത്.
പലര്‍ക്കും ഇടിമിന്നല്‍ സമയത്ത് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ള സമയത്ത് കുളിക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ക്കറിയാമോ?… അതിനെന്താ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ അതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്.
അതായത് ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് ഒട്ടുമിക്ക ആളുകളും കുളിക്കാറുള്ളത്. ഇങ്ങനെ പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇതുവഴി നിങ്ങള്‍ക്ക് അപകടം സംഭവിക്കാമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. മാത്രവുമല്ല ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തിലും കുളിക്കാനിറങ്ങുവാന്‍ പാടില്ല.
അഥവാ മിന്നലേല്‍ക്കുകയാണെങ്കില്‍ മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.















