കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശൂരില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ രണ്ട് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം മാത്രം സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. നേരത്തെ കാസര്‍കോട്ടും തിരുവനന്തപുരത്തുമാണ് കോളറ ബാധയുണ്ടായത്.
ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ അന്തേവാസികളില്‍ ചിലര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും ഹോസ്റ്റലില്‍ പരിശോധന നടത്തിയിരുന്നു.
അതേസമയം നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി കഴുകി പാകം ചെയ്യണമെന്നും ജാഗ്രതാ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് മാത്രം പതിമൂവായിരത്തിലധികം പേര് വിവിധ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടി.