കീഴരിയൂർ – കീഴരിയൂർ – മുത്താമ്പി റോഡിൽ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടാകാൻ സാധ്യത. സർക്കാർ മൃഗാശുപത്രിയുടെ കെട്ടിടത്തോട് തൊട്ട് പിറകുവശത്തും റോഡിനുതൊട്ടുമാണ് കൂറ്റൻ ഉരുളൻ കല്ലും മണ്ണും പൊട്ടി വീഴാൻ തക്ക വിധം നില്ക്കുന്നത്. വൈദ്യുതി ലൈനുകളും ഈ അപകട ഭീഷണി നിലനിൽക്കുന്ന ഭാഗത്തോട് തൊട്ടാണ് ഉള്ളത്.
മൂന്ന് വീട്ടുകാർ ഇതിന് എതിർവശത്ത് ഭയത്തോടെയാണ് കഴിയുന്നത്. ആശുപത്രിക്ക് പിറകുവശം സ്വകാര്യവ്യക്തിയുടെ സ്ഥലം വലിയ ഉയരത്തിൽ മണ്ണെടുത്ത് കുഴിച്ച നിലയിലാണ്. നൂറുകണക്കിന് ആളുകൾ സർക്കാർ അലോപ്പതി ആശുപത്രിയിലും ആയുർവേദാശുപത്രിയിലും മൃഗാശുപത്രിയിലും എത്തിച്ചേരുന്നത് ഈ റോഡിലൂടെയാണ്. ബസ്സുൾപ്പെടെയുള്ള ഒട്ടനവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയാണ്. ഒരു ദുരന്തം ഉണ്ടാവാതിരിക്കാൻ അടിയന്തിരമായി അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.