--- പരസ്യം ---

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍

By neena

Published on:

Follow Us
--- പരസ്യം ---

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വയനാട് ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണു ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക തയാറാക്കിയത്. ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരുമായ ആളുകളില്‍ ദുരന്തത്തിനു ശേഷം കാണാതായ 138 പേരെ ഉള്‍പ്പെടുത്തിയുള്ളതാണു പട്ടിക. ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക തുടങ്ങിയ രേഖകള്‍ ഇതിനായി പരിശോധിച്ചു. 

ഗ്രാമപഞ്ചായത്ത്, ഐസിഡിഎസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസ്, ലേബര്‍ ഓഫിസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ കൈവശമുള്ള ആധികാരിക രേഖകളുമായി ഒത്തുനോക്കിയ ശേഷമാണു കാണാതായവരുടെ പട്ടിക തയാറാക്കിയത്. വോട്ടര്‍പട്ടികയിലെയും റേഷന്‍ കാര്‍ഡുകളിലെയും ആളുകളില്‍നിന്ന് നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും ആശുപത്രികളിലും മറ്റും കഴിയുന്നവരുടെയും മരണം സ്ഥിരീകരിക്കപ്പെട്ടവരുടെയും പേരുകള്‍ നീക്കം ചെയ്ത ശേഷം കാണാതായവരുടെ പട്ടിക തയാറാക്കുകയായിരുന്നു. 

കാണാതായവരുടെ പേര്, റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ആദ്യ കരട് പട്ടികയാണിത്. പൊതുജനങ്ങള്‍ക്ക് ഈ കരട് പട്ടിക പരിശോധിച്ച് അതില്‍ ഉൾപ്പെട്ടവരെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് ജില്ലാ ഭരണകൂടത്തെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കും. വിവരം ലഭിക്കുന്ന മുറയ്ക്കു പട്ടികയില്‍നിന്ന് അവരുടെ പേരുകള്‍ ഒഴിവാക്കും. നിലവിലെ പട്ടികയില്‍ പെടാത്ത ആരെയെങ്കിലും കാണാതായതായി അറിയിപ്പ് ലഭിച്ചാല്‍ ആവശ്യമായ പരിശോധനകള്‍ക്കു ശേഷം അവരുടെ പേരുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് പട്ടിക പരിഷ്‌ക്കരിക്കാനാണ് തീരുമാനം.

--- പരസ്യം ---

Leave a Comment