രക്തദാനം ചെയ്യാനുളള ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ട് വയസാണ്. പതിനെട്ട് വയസ്സ് പൂർത്തിയാകുന്ന ദിവസം രക്തം ദാനം ചെയ്ത് ഒരു വിദ്യാർത്ഥിനി മാതൃകയായി. കൊയിലാണ്ടി എസ്. എൻ.ഡി.പി കോളേജിൽ ബി.എസ്.സി കെമിസ്ടി ഒന്നാം വർഷ വിദ്യാർത്ഥിനിയായ ദേവിക പി.ടി യാണ് തന്റെ പതിനെട്ടാം ജൻമദിനത്തിൽ രക്തം ദാനം ചെയ്തത്. പൊയിൽക്കാവ് പാവക്കൽ താഴ റോഷൻ ബാബുവിന്റേയും രമ്യയുടേയും മകളായ ദേവിക തണൽ സ്റ്റുഡന്റ്സ് കലക്ടീവും ലൈഫ് ബ്ലഡ് ഡൊണേഷൻ ടീം കേരളയും എം.വി ആർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പിലാണ് അമ്മയോടൊപ്പം രക്തം നൽകാൻ എത്തിയത്. വിവരമറിഞ്ഞ കൂട്ടുകാർ കൊണ്ടുവന്ന കേക്ക് മുറിച്ച് സന്തോഷം പങ്കു വെച്ചാണ് ദേവിക തന്റെ ജൻമദിനം അവിസ്മരണീയമാക്കിയത്.
ഡിസ്ടിക് ആർ. സി. എച്ച് ഓഫീസർ ഡോക്ടർ സച്ചിൻ ബാബു ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ എ. അസീസ് മാസ്റ്റർ അധ്യക്ഷനായി.അമ്പത്തിരണ്ടാം തവണ രക്തം നൽകാനായി ക്യാമ്പിൽ എത്തിയ വി.കെ സന്തോഷിന് അഹമ്മദ് ടോപ്ഫോം ഉപഹാരം നൽകി. എം.വി.ആർ കാൻസർ സെന്ററിലെ ഡോക്ടർ വാഫിയ, നൂറുദ്ദീൻ കൊയിലാണ്ടി, കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. തണൽ സ്റ്റുഡന്റ്സ് കലക്ടീവ് കോ ഓഡിനേറ്റർമാരായ ലുഖ്മാൻ ഹഖീം സ്വാഗതവും മുഹമ്മദ് ഫെബിൻ നന്ദിയും പറഞ്ഞു.ക്യാമ്പിൽ വെച്ച് നാൽപ്പത്തൊൻപത് പേർ രക്തം ദാനം ചെയ്തു.