പട്ന: പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ഡോക്ടർ നടത്തിയ സർജറിക്കൊടുവിൽ 15കാരന് ദാരുണാന്ത്യം. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മരണത്തോടെ അജിത് കുമാർ എന്ന ‘ഡോക്ടർ’ ഒളിവിൽ പോയിരിക്കുകയാണ്.
ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കുട്ടിയുമായി ഡോക്ടറുടെ ക്ലിനിക്കിലെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാരുടെ സമ്മതമില്ലാതെ ഡോക്ടർ സർജറി നടത്തുകയായിരുന്നു. സർജറിക്കിടെ കുട്ടിയുടെ ആരോഗ്യനില വഷളായി.
സർജറി തങ്ങൾ ആദ്യം അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ലെന്നും യുട്യൂബിൽ വിഡിയോ കണ്ടാണ് കുട്ടിക്ക് സർജറി നടത്തിയതെന്നും മാതാപിതാക്കൾ പറഞ്ഞു. ബഹളം വെച്ചപ്പോൾ തങ്ങളോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു.
കുട്ടിയെ പട്നയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഇതോടെ, ഡോക്ടർ ഒാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കും ക്ലിനിക്കിലെ ജീവനക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. 15കാരന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.