കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയിൽനിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറിന്റെ ഭാഗവും കണ്ടെത്തി. നാവികസേനയുടെ ഡൈവർമാരാണ് മൂന്ന് ലോഹഭാഗങ്ങളും കയറിന്റെ ഭാഗവും കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയുടേതാകാമെന്നാണ് നേവി അറിയിക്കുന്നത്. ലോഹഭാഗങ്ങളുടെ ചിത്രങ്ങൾ നാവികസേന എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്പോട്ടുകളിലാണ് ബുധനാഴ്ച തിരച്ചിൽ നടക്കുന്നത്. ഇതിൽ ഒന്ന്, രണ്ട് സ്പോട്ടുകളിലാണ് പ്രധാനമായും പരിശോധന. ഇവിടെനിന്നാണ് ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുമെന്ന് നാവികസേന അറിയിച്ചു.
പുഴയിൽനിന്ന് നാവികസേന കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതുതന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളി ഈശ്വർ മാൽപേയുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.