ഉള്ള്യേരി: ഉള്ളിയേരി 19-ൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ഡ്രെെവർ വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടിയതിനാൽ അപകടം ഒഴിവായി.
പുത്തൂർ സ്വദേശി രാഹുൽ കനാലിന് അരികിലൂടെയുള്ള റോഡിലൂടെ ഡ്രൈവ് ചെയ്തു പോകുന്നതിനിടെ നിയന്ത്രണം വിട്ട് കാറ് കനാലിലേക്ക് മറിയുകയായിരുന്നു. 10 മീറ്ററോളം കനാലിലൂടെ ഒഴുകിയ കാർ അടുത്തുള്ള പാലത്തിൽ തങ്ങിനിന്നു. ഇതിനിടയിൽ രാഹുലിന് കാറിൽ നിന്ന് പുറത്തിറങ്ങാനായത് കൊണ്ട് വലിയ പരിക്കൊന്നും മേൽക്കാതെ രക്ഷപ്പെട്ടു. പത്തടിയോളം താഴ്ചയുള്ള കനാലിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനം നടത്തി. സ്വകാര്യ ക്രൈയിന്‍ സംവിധാനമുപയോഗിച്ച് കാർ കനാലിൽ നിന്ന് കരക്കെത്തിക്കുകയും ചെയ്തു.