കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ അംഗങ്ങള്‍ക്കായി ബോർഡ് നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്.
അതില്‍ പ്രധാനപ്പെട്ടവയെ കുറിച്ച് അറിയാം.
*1. പെൻഷൻ*
അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി വരിസംഖ്യ അടച്ചിട്ടുള്ളതും 60 വയസ് തികഞ്ഞതുമായ ഒന്നാം വിഭാഗത്തില്‍പ്പെടുന്ന (നിലവില്‍ വിദേശത്തു ജോലി ചെയ്യുന്നവർ) അംഗത്തിന് 3500 രൂപയും രണ്ടാം വിഭാഗത്തില്‍ (കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തിട്ട് കേരളത്തില്‍ സ്ഥിര താമസമാക്കിയവർ) മൂന്നം വിഭാഗത്തില്‍ (ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ആറുമാസമായി സ്ഥിര താമസമാക്കിയവർ ) പെടുന്നവർക്ക് പ്രതിമാസം 3000 രൂപയും മിനിമം പെന്‍ഷനും കിട്ടും. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി വരിസംഖ്യ അടച്ചിട്ടുളള അംഗങ്ങള്‍ക്ക്, അവര്‍ പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും മേല്പറഞ്ഞ മിനിമം പെന്ഷന് തുകയുടെ മൂന്ന് ശതമാനത്തിന് തുല്യമായ തുക കൂടി അധിക പെന്‍ഷനായി നല്‍കുന്നുണ്ട്. ഇത് നിലവില്‍ പരമാവധി 7000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.
*2. ഫാമിലി പെൻഷൻ*
പെൻഷൻ കിട്ടിക്കൊണ്ടിരിക്കുന്ന അംഗം മരണമടയുന്ന സാഹചര്യത്തില്‍ അയാളുടെ കുടുംബാംഗങ്ങള്‍ക്ക്, മരണപ്പെട്ട അംഗത്തിന് കിട്ടിക്കൊണ്ടിരുന്ന പെന്‍ഷന്റെ 50 ശതമാനം തുക കുടുംബ പെൻഷനായി കിട്ടും.
*3. അവശത/അംഗ വൈകല്യ പെൻഷൻ*
ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി വരി സംഖ്യ അടച്ചിട്ടുള്ള ഒരംഗത്തിന് പിന്നീട് സ്ഥിര അംഗ വൈകല്യം/ശാരീരിക അവശത കാരണം ഏതെങ്കിലും തൊഴില്‍ ചെയ്തു ജീവിക്കാൻ പറ്റാതെ വരുന്ന സാഹചര്യത്തിലും തുടർന്നുള്ള വരിസംഖ്യ അടക്കാൻ സാധിക്കാതെ വരുന്ന സന്ദർഭങ്ങളിലും അര്‍ഹതപ്പെട്ട പെന്ഷന് തുകയുടെ നാല്പതു ശതമാനത്തിനു തുല്യമായ തുക പ്രതിമാസ പെൻഷനായി ലഭിക്കാം . ബോർഡ് നിർദേശിക്കുന്ന മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
*4. ചികിത്സ സഹായം*
ബോർഡില്‍ അംഗമായിട്ടുള്ളയാള്ക്കു ഗുരുതരമായ രോഗം പിടിപെട്ടാല്‍, ചികിത്സ സഹായമായി പരമാവധി 50,000 രൂപവരെ ലഭിക്കാം. മേല്പറഞ്ഞ തുക പരമാവധി അംഗത്വ കാലാവധിയിലേക്കുള്ളതാണ്. ബോർഡ് നിഷ്കർഷിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്, അസ്സല് ബില്ലുകള്‍ എന്നിവ ഹാജരാക്കണം. ബോർഡിന്റെ പെൻഷൻ കിട്ടുന്നവർക്കും, മറ്റു ഇടങ്ങളില്‍നിന്നും ചികിത്സ സഹായം കിട്ടുന്നവർക്കും ഇതിനു അർഹരല്ല.
*5. ആശ്രിത ധനസഹായം*
അപകടം, രോഗം എന്നിവ മൂലം മരണമടയുന്ന അംഗങ്ങളുടെ ആശ്രിതർക്ക് പരമാവധി 20,000 രൂപ മുതല്‍ 50000 രൂപവരെ അവരുടെ കാറ്റഗറി അനുസരിച്ച്, മരണാനന്തര സഹായമായി നല്കുന്നു. പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ ആശ്രിതർക്ക് ഈ സഹായം ലഭിക്കില്ല .
*6. വിദ്യാഭ്യാസ ആനുകൂല്യം*
രണ്ടുവര്‍ഷമെങ്കിലും നിധിയില്‍ തുടരുന്ന അംഗങ്ങളുടെ മക്കള്‍ക്ക്, ബോര്‍ഡ് നിശ്ചയിച്ച മാനദണ്ഡ പ്രകാരം വിദ്യാഭ്യാസ ഗ്രാന്റിന് അര്‍ഹതയുണ്ടായിരിക്കും. ഐ.ടി.ഐ/ഐ.ടി.സി /ഡിഗ്രി, മാസ്റ്റർ ഡിഗ്രി മറ്റു പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ധനസഹായം ലഭിക്കും.
*7. വിവാഹ ധനസഹായം*
കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും തുടര്‍ച്ചയായി വരിസംഖ്യ അടച്ചുവരുന്നതോ, വിവാഹത്തിനുമുന്നേ മൂന്ന് വര്‍ഷത്തെ വരിസംഖ്യ മുന്‍കൂറായി അടച്ചതോ ആയ അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്മക്കളുടെ വിവാഹ ചെലവിനായി പതിനായിരം രൂപ ധനസഹായ ലഭിക്കും. ഒരംഗത്തിനു പരമാവധി രണ്ടു തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ പെൻഷൻ കിട്ടുന്നവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല.
*8. പ്രസവാനുകൂല്യം*
വനിത അംഗങ്ങള്‍ക്കു വേണ്ടിയുള്ളതാണിത്. നിധിയില്‍ അംഗമായ സ്ത്രീകള്‍ക്ക് പ്രസവത്തിനോ അല്ലെങ്കില്‍ ഗർഭം അലസിക്കുമ്ബോഴോ ധനസഹായം ലഭ്യമാക്കും. ഇത് യഥാക്രമം 3000 രൂപ/ 2000 രൂപ എന്ന നിരക്കിലാണ് നല്‍കുന്നത്.
*9. ഭവന വായ്പ സബ്സിഡി*
നിധിയിലെ സ്ഥിരഅംഗങ്ങള്ക്ക് നല്കുന്ന ഒരു സഹായമാണിത്. അംഗത്തിനോ പങ്കാളിക്കോ വാസയോഗ്യമായ വീട് നിലവില്‍ ഇല്ലാത്തവർക്കും എന്നാല്‍ അവർക്ക് സ്വന്തമായി കേരളത്തിനകത്തു വീട് വെക്കാൻ യോജ്യമായി സ്ഥലമുണ്ടെങ്കില്‍ ഇതിന്റെ പ്രയോജനം ലഭിക്കും.
*കൂടുതൽ വിവരങ്ങൾക്ക് ബോർഡിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക*
https://register.pravasikerala.org/public/index.php/online/PublicLogin
———————————————–