കൊയിലാണ്ടി:മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടിയ സംഭവത്തില്‍ രണ്ട് മരണം. രണ്ട് സ്ത്രീകളാണ് മരിച്ചത്. ഇടഞ്ഞോടുന്നതിനിടെ ക്ഷേത്രത്തിലെ കെട്ടിടം ആനകള്‍ കുത്തിമറിച്ചിരുന്നു. ഇതോടെ സമീപത്ത് നിന്നവരുടെ ശരീരത്തിലേക്ക് കെട്ടിടം മറിഞ്ഞു വീണു. ഇതിനിടെയാണ് രണ്ട് പേര് മരിച്ചത്. കെട്ടിടത്തിന് അകത്തും പുറത്തും നിന്നവര്‍ക്കാണ് കൂടുതല്‍ പരിക്ക് പറ്റിയത്. മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. സാരമായി പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും ഗുരുതരമായി പരിക്ക് പറ്റിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. ഇരുപതോളം പേരെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ രണ്ട് ആനകള്‍ വിരണ്ടോടുകയായിരുന്നു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെയാണ് സംഭവം. അനയുടെ സമീപത്ത് നിന്നും പടക്കം പൊട്ടിച്ചപ്പോള്‍ ആന വിരണ്ടോടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
രണ്ട് ആനകള്‍ വിരണ്ടതോടെ ചുറ്റിലുമുണ്ടായിരുന്നവര്‍ ചിതറിയോടി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളാണ് ഇടഞ്ഞതെന്നാണ് വിവരം. നിലവില്‍ ഒരാനെയെ പാപ്പന്മാര് ചേര്‍ന്ന് തളച്ചിട്ടുണ്ട്. മറ്റൊരു ആനയെ ഇതുവരെ തളയ്ക്കാന്‍ സാധിച്ചിട്ടില്ല.
വീഡിയോ കാണാം