കോഴിക്കോട്: ദേശീയ പാതാ നിർമ്മാണത്തിന് വേണ്ടി പ്രവർത്തിക്കുന്നതായി പറയുന്ന തങ്കമല കരിങ്കൽ ക്വാറി കാരണം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ ഓഫീസറും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
വർഷങ്ങളായി പ്രവർത്തിക്കുന്ന ക്വാറി നാട്ടുകാർക്ക് ദുരിതങ്ങളും വിട്ടുമാറാത്ത രോഗങ്ങളുമാണ് സമ്മാനിക്കുന്നതെന്നാണ് പരാതി. കുട്ടികളും മുതിർന്നവരും ശ്വാസകോശരോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നു. ക്വാറിയിൽ നിന്നുള്ള പ്രകമ്പനം താങ്ങാനാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തങ്കമലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന കുറ്റ്യാടി ഇറിഗേഷൻ കനാലിലേക്കാണ് ക്വാറിയിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നത്.ഇത് കുടിവെള്ളം മലിനമാക്കി. കൃത്യമായ മാലിന്യ സംസ്ക്കരണ പദ്ധതികളില്ല. മഴക്കാലമായാൽ പ്രദേശവാസികൾക്ക് നടക്കാൻ പോലുമാവില്ല. 24 മണിക്കൂറും ലോറി ഓടിക്കാൻ അധികാരമുണ്ടെന്നാണ് പറയുന്നത്. ക്വാറിയിലെ സ്ഫോടനത്തിന്റെ ആഘാതം കാരണം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും പരാതിയിലുണ്ട്. ക്വാറിയിൽ കരിങ്കൽ പൊട്ടിക്കുമ്പോൾ പരിസരത്തെ വീടുകൾ കുലുങ്ങും. കൂറ്റൻ ലോറികൾ കാരണം റോഡുകൾ തകരുന്നതായും പരാതിയിലുണ്ട്.
ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.