നവംബർ ഒന്ന് കേരളപ്പിറവി ദിനം മലയാളികളാകെ നാടിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയാണ്. കേരളത്തനിമയുള്ള വസത്രം ധരിച്ച്, കേരളപ്പിറവിയുടെ ചരിത്രവും പ്രധാന്യവും വിവരിക്കുന്ന പ്രസംഗങ്ങളും ക്വിസ് മത്സരങ്ങളുമൊക്കെ ആയാണ് സ്കൂളുകളും ഓഫീസുകളും വായനശാലകളും കേരളപ്പിറവി ആഘോഷിക്കുന്നത്. കേരളപ്പിറവി ആശംസകൾ നേരാനും ആരും മറക്കാറില്ല. എന്നാൽ നമ്മളിൽ എത്രപേർക്ക് കേരളപ്പിറവിയുടെ ചരിത്രമറിയാം. നാലു നാടായി കിടന്നിരുന്ന ഭൂപ്രദേശം എങ്ങനെ ഇന്ന് കാണുന്ന കേരളമായി മാറിയെന്ന് അറിയാം.1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊള്ളുന്നത്. ഈ വർഷം കേരളത്തിന് 68 വയസ്സാകുമെന്ന് ചുരുക്കം. ഐക്യകേരളം എന്ന ആശയം 1956നു മുൻപ് തന്നെ ഉണ്ടായിരുന്നു. ഒടുവിൽ തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് കേരള സംസ്ഥാനം രൂപീകരിക്കുന്നത്.
കൊച്ചി, തിരുവതാംകൂർ, മലബാർ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി 1921ൽ കേരള പ്രദേശ കമ്മിറ്റി രൂപീകരിച്ചത് കേരള രൂപീകരണത്തിലെ ഒഴിച്ചുകൂടാനാവത്ത നാഴികകല്ലായിരുന്നു. 1928ൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിലും അഖില കേരള കുടിയാൻ സമ്മേളനത്തിലും ഐക്യകേരളം ചർച്ചയായിരുന്നു. 1937ൽ ചേർന്ന അഖിലകേരള വിദ്യാർഥി സമ്മേളനം ഐക്യകേരളംഎന്ന ആവശ്യത്തിന് ഉറച്ച പിന്തുണ നൽകിയിരന്നു. നാൽപ്പതുകളിൽ ഐക്യകേരളം എന്ന ആവശ്യം കൂടുതൽ ശക്തമാവുകയും ചെയ്തു. 1949 ജൂലൈയിൽ തിരു – കൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെ ഐക്യകേരളമെന്ന സ്വപ്നത്തിലേക്ക് നാട് ഒരുപടികൂടി അടുത്തു.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് കേരളം നിലവിൽ വന്നത്. എന്നാൽ സംസ്ഥാന രൂപീകരണം നടക്കുന്നതിനു മുമ്പുതന്നെ കേരളം എന്ന് തന്നെയാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത് എന്നത് രസകരമായ വസ്തുതയാണ്. 1952ല്‍ ആന്ധ്രയില്‍ ഗാന്ധിയനായ ശ്രീരാമലു ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം അവശ്യപ്പെട്ട് ആഴ്ചകളോളം നിരാഹാര സത്യാഗ്രഹമനുഷ്ഠിച്ച് രക്തസാക്ഷിത്വം വഹിച്ചതിന് പിന്നാലെ 1953ൽ ആന്ധ്രാ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായി. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഐക്യകേരളവും യാഥാർഥ്യമാകുന്നത്.
ഐക്യകേരളം പിറന്നു
1956 ലെ സംസ്ഥാന പുനസ്സംഘടനാനിയമപ്രകാരം തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു തെക്കന്‍ താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും തിരുവിതാംകൂര്‍-കൊച്ചിയില്‍നിന്നു വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോട് ചേര്‍ത്തു. ശേഷിക്കുന്നവയെ മലബാര്‍ ജില്ല, തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോട് താലൂക്കുമായി ചേർത്താണ് 1956 നവംബര്‍ 1ന് ഐക്യകേരളം രൂപീകരിച്ചത്.
1956 നവംബര്‍ ഒന്നിന് കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. അഞ്ച് ജില്ലകളായിരുന്നു കേരളത്തിൽ അന്നുണ്ടായിരുന്നത്. നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാന തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി ചുമതലയേറ്റു. 1957 ഫെബ്രുവരി 28 ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു.
കേരളം എന്ന പേരിന് പിന്നിൽകേരളം എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. പ്രാചീനകാലത്ത് കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാരുമായി ചേർന്ന പദമാണിതെന്നാണ് ഒരുവാദം. സഹ്യപര്‍വതത്തിന് പടിഞ്ഞാറുള്ള പ്രദേശത്തെ ചേറളം (ചേറ് + അളം) എന്ന് വിളിച്ചു. ഈ ചേറളം പിന്നീട് ചേരളം ആയെന്നും ‘ച’ കാരത്തിന് സംസ്കൃതത്തില്‍ ‘ക’കാരാദേശം വന്ന് കേരളം ആയി മാറുകയും ചെയ്തു എന്നാണ് ഒരുവിഭാഗം പറയുന്നത്. കേരവൃക്ഷങ്ങള്‍ നിറഞ്ഞ പ്രദേശം ആയതിനാലാണ് കേരളം എന്ന പേരെന്ന വാദവും നിലവിലുണ്ട്. അതേസമയം പ്രാചീനകാലത്തെ പല കൃതികളിലും കേരളം എന്ന വാക്ക് ഉപയോഗിച്ചിരുന്നു.
എല്ലാവർക്കും “കീഴരിയൂർ വാർത്തകളുടെ ” കേരളപ്പിറവി ആശംസകൾ