പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെ മുന്നണികള്‍. വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികൾ മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി വോട്ട് തേടാനുള്ള തിരക്കിലാണ്. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്.
വയനാട്ടില്‍ കൊട്ടികലാശം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് ഇന്ന് രാഹുൽ ഗാന്ധിയും എത്തും. പ്രിയങ്കയ്ക്ക് ഒപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്ക്കെത്തും. രാവിലെ സുൽത്താൻ ബത്തേരിയിലും വൈകീട്ട് തിരുവമ്പാടിയിലുമാണ് റോഡ് ഷോ നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി രാവിലെ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിലെത്തും. കൊട്ടിക്കലാശത്തിന് കൽപറ്റയിൽ സത്യൻ മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും പങ്കെടുക്കും . എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ പ്രചാരണവും കൽപ്പറ്റയിലാണ് സമാപിക്കുക.
വൈകുന്നേരം നാലരയോടെ കൊട്ടിക്കലാശത്തിനായി സ്ഥാനാർഥികളും പ്രവർത്തകരും ചേലക്കര ബസ്റ്റാൻഡ് പരിസരത്തെത്തും. പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ,വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.