വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം 7.35നായിരുന്നു അന്ത്യം. വത്തിക്കാൻ വിഡിയോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 88 വയസ്സായിരുന്നു.
ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്നെങ്കിലും ഇന്നലെ അദ്ദേഹം അൽപനേരം സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽകണിയിൽ വിശ്വാസികൾക്ക് അനുഗ്രഹം നൽകിയിരുന്നു.
1936 ഡിസംബർ 17ന് അർജനന്റീനയിലെ ബ്യൂണസ് ഐറിസിൽ റെയിൽവേ തൊഴിലാളിയുടെ മകനായാണ് ജോർജ് മാരിയോ ബർഗോളിയോ ജനിച്ചത്. 56 വർഷം മുമ്പ് വൈദികനായ അദ്ദേഹം 2001ൽ കർദിനാളായി. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ രാജിപ്രഖ്യാപനത്തെത്തുടർന്ന് ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന അദ്ദേഹം 2013 മാർച്ച് 13ന് 266-ാമത്തെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
ലാറ്റിൻ അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയാണ്. ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച ആദ്യ മാർപാപ്പയുമായിരുന്നു അദ്ദേഹം.
അടുത്തിടെ അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് വാർത്തകൾ വന്നിരുന്നു. രാജ്യത്തെ വിശ്വാസികളടക്കമുള്ളവർ ആ പ്രതീക്ഷയിലുമായിരുന്നു.