ഡൽഹി: മങ്കി പോക്സ് വ്യാപനത്തെ തുടർന്ന് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി ഇന്ത്യ. ലക്ഷണങ്ങൾ ഉള്ള രോഗികളെ തിരിച്ചറിയാനും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനും സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടിയായാണ് ഇതെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതെന്ന് റിപ്പോർട്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ വിമാനത്താവളങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡൽഹിയിലെ മൂന്ന് പ്രധാന ആശുപത്രികൾ- സഫ്ദർജംഗ്, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ്, റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ എന്നിവ സംശയാസ്പദമായ എം പോക്സ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി നിയുക്തമാക്കിയിട്ടുണ്ട്. സംശയമുള്ള രോഗികളിൽ ആർടി-പിസി ആർ, നാസൽ സ്വാബ് പരിശോധനകൾ നടത്തും. മുൻകരുതൽ നടപടിയെന്ന നിലയിലാണ് സർക്കാർ ഈ നടപടികൾ സ്വീകരിക്കുന്നത്.
മുൻകരുതൽ നടപടികളുടെ ഭാഗമായി അത്യാഹിത വിഭാഗങ്ങളും സർക്കാർ ഒരുക്കുന്നുണ്ട്. വിദേശത്ത് നിന്ന് വരാൻ സാധ്യതയുള്ള ഏത് കേസുകളും കൈകാര്യം ചെയ്യാൻ തയ്യാറാണെന്ന് ഉറപ്പാക്കാൻ വിമാനത്താവളങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ പുതിയ പോക്സ് സ്ട്രെയിന്‍ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2022 ജൂൺ മുതൽ 2023 മെയ് വരെ ഇന്ത്യയിൽ 30 എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തു, കൂടുതലും വിദേശികളിൽ. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ പുതിയ സ്ട്രെയിനിൽ മരണ സാധ്യത കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.