--- പരസ്യം ---

മലയാളികളുടെ പ്രിയകവി എൻ.എൻ കക്കാടിന്റെ ജന്മദിനമാണ് ജൂലൈ 14

By aneesh Sree

Published on:

Follow Us
--- പരസ്യം ---

മലയാളത്തിൽ ആധുനിക കവിതയുടെ തുടക്കക്കാരിൽ പ്രമുഖനാണ് എൻ.എൻ. കക്കാട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരാണ് ജനനം. കക്കാട് നാരായണൻ നമ്പൂതിരി എന്നാണ് യഥാർഥപേര്. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു…

ഗ്രാമത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുന്നതും നാഗരികതയുടെ നരകാത്മകതയും അദ്ദേഹത്തെ അലോസരപ്പെടുത്തി. തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളിൽ വിഹ്വലനായിരുന്നു അദ്ദേഹം. ഒരു കവിതയിൽ നഗരജീവിതത്തെ ഒരുവൻ തന്റെ ഞരമ്പുകൾ കൊണ്ട് വലിച്ചു കെട്ടിയ ഒരു കൂടാരവുമായി അദ്ദേഹം ഉപമിക്കുന്നു. എങ്കിലും ഗ്രാമം നന്മകൾ മാത്രം നിറഞ്ഞതാണെന്ന മൗഢ്യവും അദ്ദേഹത്തിനില്ലായിരുന്നു…

‘ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ
ആതിരവരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നണിയത്തുതന്നെ നിൽക്കൂ..’

സഫലമീയാത്രയിലെ ഈ വരികൾ മലയാളികൾ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.. അദ്ദേഹത്തിനെ ജനപ്രിയനാക്കുന്നതിൽ സഫലമീയാത്ര എന്ന കവിത വഹിച്ച പങ്ക് വിസ്മരിക്കാനാകുന്നതല്ല. അർബുദ രേഗബാധിതനായ അവസ്ഥയിലാണ് അദ്ദേഹം സഫലമീയാത്ര രചിക്കുന്നത്. സഫലമീയാത്ര എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ലഭിച്ചു…

കോഴിക്കോട് അവിടനല്ലൂരിൽ നാരായണൻ തമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി 1927 ജൂലായ് 14നാണ് കക്കാട് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ വേദങ്ങളിലും ഇതിഹാസങ്ങളിലും പ്രാവീണ്യം നേടിയ കക്കാട് ചിത്രമെഴുത്ത്, ശാസ്ത്രീയസംഗീതം, ഓടക്കുഴൽ എന്നിവയും സ്വായത്തമാക്കി. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലും, തൃശൂർ കേരളവർമ്മ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി തൃശൂർ വിവേകോദയം ഹൈസ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു…

പിന്നീട് കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് റൈറ്ററായും പ്രൊഡ്യൂസറായും ജോലി ചെയ്തു. കോഴിക്കോട് ആകാശവാണി നിലയത്തിലെ സ്റ്റാഫ് ആർട്ടിസ്റ്റുകളുടെ അസ്സോസിയേഷൻ ഭാരവാഹിയായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി, കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവകളിലും പ്രവർത്തിച്ചിട്ടുണ്ട്…

ശലഭഗീതം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്റെ മുഴക്കം, കവിത, വജ്രകുണ്ഡലം, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, സഫലമീയാത്ര, പകലറുതിക്കുമുമ്പ്, നാടൻചിന്തുകൾ, കവിതയും പാരമ്പര്യവും, അവലോകനം തുടങ്ങിയവ പ്രധാനകൃതികളാണ്. വയലാർ അവാർഡ് ( സഫലമീ യാത്ര), കേരളസാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്കാരം, ചെറുകാട് അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1987 ജനുവരി 6 ന് കക്കാട് അന്തരിച്ചു… ✍️

--- പരസ്യം ---

Leave a Comment