ആൻ്റിഓക്സിഡൻ്റുകൾ, മഗ്നീഷ്യം, ഇരുമ്പ്, എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ചെറുപയര്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ തടയുന്നതിനും ഭാരം കുറയ്ക്കാനും പ്രമേഹത്തിനുമെല്ലാം ചെറുപയര്‍ ദിവസേന കഴിക്കുന്നത് നല്ലതാണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പനി, രുചിക്കുറവ്, അൾസർ, തൊണ്ടയിലെ തകരാറുകൾ, നേത്രരോഗങ്ങൾ തുടങ്ങിയ ഉള്ള സമയത്ത് ചെറുപയര്‍ സൂപ്പ് കഴിക്കാന്‍ ആയുര്‍വേദത്തിൽ പറയപ്പെടുന്നു. മലബന്ധം തടയുകയും ദഹനക്കേട് ഇല്ലാതാക്കുകയും ചെയ്യുന്ന ഈ സൂപ്പ്, ദഹനപ്രക്രിയ ഉത്തേജിപ്പിക്കുന്നു. മണ്‍സൂണ്‍ കാലത്ത് നേരിടുന്ന പല ദഹനപ്രശ്നങ്ങള്‍ക്കും മികച്ച പരിഹാരമാണ് ഇത്. ചെറുപയര്‍ സൂപ്പ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1 കപ്പ് ചെറുപയര്‍
1/2 കപ്പ് അരിഞ്ഞ ഉള്ളി
3 വെളുത്തുള്ളി അല്ലി അരിഞ്ഞത്
അര ഇഞ്ച് ഇഞ്ചി
1 ടീസ്പൂൺ കുരുമുളക് പൊടി
1/2 ടീസ്പൂൺ കായം
1/2 ടീസ്പൂൺ നെയ്യ്
ഉണ്ടാക്കുന്ന രീതി
ഒരു പ്രഷർ കുക്കറിൽ ഒരു കപ്പ് കുതിർത്ത ചെറുപയര്‍ ചേർക്കുക
ഇതിലേക്ക് അരിഞ്ഞ ഉള്ളിയും വെളുത്തുള്ളിയും ചേർക്കുക.
അതിനു ശേഷം ഇഞ്ചി ചേർക്കുക.
ഒരു ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ കായം, പാകത്തിന് ഉപ്പ് എന്നിവ ഇടുക.
അര ടീസ്പൂൺ നെയ്യ് ഒഴിക്കുക.
ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ 8-10 മിനിറ്റ് വേവിക്കുക.
കുറച്ച് നാരങ്ങ നീര് പിഴിഞ്ഞ്, മുകളില്‍ അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിക്കുക.