റാസല്‍ഖൈമ: യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സ് നേടാനാഗ്രഹിക്കുന്നവര്‍ക്കായി റാസല്‍ഖൈമ പൊലിസിന്റെ വെഹിക്കിള്‍ ആന്‍ഡ് ഡ്രൈവര്‍ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റ് ട്രാഫിക് ഫയല്‍ തുറക്കുന്ന പ്രക്രിയയുടെ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് പകുതി സമയത്തിനുള്ളില്‍ ലൈസന്‍സ് നേടാനാകും.
വിവിധ വാഹന വിഭാഗങ്ങള്‍ക്കായി ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനാണ് ഈ അപ്ഡേറ്റ് ലക്ഷ്യമിടുന്നതെന്ന് വെഹിക്കിള്‍ ആന്‍ഡ് ഡ്രൈവര്‍ ലൈസന്‍സിംഗ് വകുപ്പ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.
ആവശ്യമായ നേത്ര പരിശോധനയ്ക്കായി എമിറേറ്റിലുടനീളം അംഗീകൃത 31 കാഴ്ച പരിശോധനാ കേന്ദ്രങ്ങളില്‍ ഒന്ന് അപേക്ഷകന് സന്ദര്‍ശിക്കുന്നതോടെയാണ് പ്രക്രിയ ആരംഭിക്കുന്നത്. അതിനുശേഷം അവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ MOI ആപ്പ് വഴി ഒരു ട്രാഫിക് ഫയല്‍ തുറക്കാനാകും.
തുടര്‍ന്ന് അപേക്ഷകന് റാസല്‍ഖൈമ പബ്ലിക് റിസോഴ്സ് അതോറിറ്റിയിലേക്ക് തിയറി പരിശീലനത്തിന് പോകേണ്ടതുണ്ട്. തുടര്‍ന്ന് നടക്കുന്ന തിയറി ടെസ്റ്റില്‍ വിജയിച്ച ശേഷമാകും ഇന്‍ഡോര്‍, ഔട്ട്ഡോര്‍, ഹൈവേകളിലെ ഡ്രൈവിംഗ് പരിശീലനങ്ങള്‍ ഉണ്ടാവുക.
അടുത്ത ഘട്ടത്തില്‍ വാഹന, ഡ്രൈവര്‍ ലൈസന്‍സിംഗ് വകുപ്പില്‍ പങ്കെടുക്കുന്ന അപേക്ഷകന് ആന്തരികവും ബാഹ്യവുമായ പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റുകള്‍ എടുക്കണം. ഇവ വിജയകരമായി പാസാകുന്ന മുറയ്ക്ക് അപേക്ഷകന് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും.
റാസല്‍ഖൈമ പൊലിസിന്റെ ജനറല്‍ കമാന്‍ഡിന്റെ സേവനങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രാഫിക് ഫയല്‍ ഓപ്പണിംഗ് സേവനത്തിലേക്കുള്ള അപ്ഡേറ്റ് എന്ന് കേണല്‍ അല്‍ ഖാസിമി വിശദീകരിച്ചു.