വയനാട്: വയനാട്ടിൽ മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടിൽ അൻവർഷായാണ് പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് 160.77 ഗ്രാം മെത്താഫിറ്റമിനുമായി അൻവർഷാ പിടിയിലായത്.
വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്നതും 20 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്നതുമാണ് പിടിച്ചെടുത്ത മെത്താഫിറ്റമിൻ. എക്സൈസ് ഇൻസ്പെക്ടർ കെ.വി നിധിനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മൈസൂർ – പൊന്നാനി കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരനായ പ്രതിയിൽനിന്ന്മെത്താഫിറ്റമിൻ പിടികൂടിയത്. ദുബൈയിൽ സ്വന്തമായി ആയുർവേദ സെന്റർ നടത്തുന്ന ഡോക്ടർ ആണ് ഇയാൾ. അഞ്ച് മാസമായി നാട്ടിലുള്ള ഇയാൾ ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടു പോവുകയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു.