റിയാദ്: സഊദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസയ്ക്ക് നടപടികള്‍ കര്‍ശനമാക്കുന്നു. വിദ്യാഭ്യാസ, തൊഴില്‍ നൈപുണ്യ യോഗ്യതകള്‍ വിസ അനുവദിക്കും മുമ്പ് തന്നെ സ്ഥിരീകരിക്കണമെന്നതാണ് പുതിയ നിബന്ധന. ഇന്നു മുതല്‍ ഇത് ബാധകമാകും. ഇന്ത്യന്‍ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചു. തൊഴില്‍ നൈപുണ്യത്തിന് ഇനി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും അത് വിസ നേടുന്നതിന് മുമ്പ് സ്ഥീരികരിക്കുകയും വേണം. ആറു മാസം മുമ്പാണ് ഇത്തരത്തിലൊരു നിര്‍ദേശം സഊദി തൊഴില്‍ മന്ത്രാലയം മുന്നോട്ടുവച്ചത്. ഇന്ത്യയില്‍ നിന്ന് മതിയായ തൊഴില്‍ നൈപുണ്യമില്ലാത്തവര്‍ ജോലിക്കെത്തുന്നത് കൂടിയ സാഹചര്യത്തിലാണിത്.
നിലവില്‍ സഊദിയില്‍ തൊഴിലുള്ളവരും വിസ പുതുക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷന്‍ ചെയ്യേണ്ടിവരും. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍.
2024 ലെ കണക്കനുസിരിച്ച് സഊദിയില്‍ 24 ലക്ഷം ഇന്ത്യന്‍ തൊഴിലാളികളുണ്ട്. ഇതില്‍ 16.4 ലക്ഷം പേര്‍ സ്വകാര്യ മേഖലയിലും 7.85 ലക്ഷം പേര്‍ ഗാര്‍ഹിക മേഖലയിലുമാണ് ജോലി ചെയ്യുന്നത്.
സഊദി വര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാനുള്ള നടപടികള്‍
സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറുള്ള സൗദി ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി തരപ്പെടുന്നതോടെ ൗദി വിദേശകാര്യ മന്ത്രാലയവും (MOFA) സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സും സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ക്ഷണക്കത്ത് നിങ്ങള്‍ക്ക് ലഭിക്കും. ശേഷം സഊദി യാത്ര്ക്ക് ഒരുങ്ങുകയാണ് വേണ്ടത്.
ആവശ്യമായ രേഖകള്‍ :
- രണ്ട് ഒഴിഞ്ഞ പേജുകളുള്ള കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട്
- പൂരിപ്പിച്ച വിസ അപേക്ഷാ ഫോം
- വെളുത്ത പശ്ചാത്തലമുള്ള രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍
- ഒപ്പിട്ട തൊഴില്‍ കരാര്‍
- സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍
- ജോലിക്ക് യോഗ്യത സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
- പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്
വിസ അപേക്ഷ സമര്‍പ്പിക്കുക:
നിങ്ങളുടെ പൂരിപ്പിച്ച അപേക്ഷയും രേഖകളും അടുത്തുള്ള സൗദി എംബസിയിലോ കോണ്‍സുലേറ്റിലോ ഹാജരാക്കുക.
വിസ ഫീസ് അടയ്ക്കുക: (വിസയുടെ തരം അനുസരിച്ച് ഫീസ് വ്യത്യാസപ്പെടും)
- സിംഗിള്‍എന്‍ട്രി വര്‍ക്ക് വിസ: സൗദി റിയാല്‍ 2,000 (ഏകദേശം 43,800 രൂപ)
മള്‍ട്ടിപ്പിള്‍എന്‍ട്രി വര്‍ക്ക് വിസ: സൗദി റിയാല്‍ 3,000 (ഏകദേശം 65,700 രൂപ)
ഒരു വര്‍ഷത്തെ വര്‍ക്ക് വിസ: സൗദി റിയാല്‍ 5,000 (ഏകദേശം 1,09,500 രൂപ)
രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: സൗദി റിയാല്‍ 7,000 (ഏകദേശം 1,53,300 രൂപ)
ആരോഗ്യ ഇന്‍ഷുറന്‍സ് നേടുക: വിദേശ തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചെലവ് തൊഴിലുടമകള്‍ സാധാരണയായി വഹിക്കുന്നു.
പ്രോസസ്സിംഗ് കാത്തിരിക്കുക: വിസ പ്രോസസ്സിംഗ് സാധാരണയായി 1 മുതല്‍ 3 ആഴ്ച വരെ എടുക്കും.
സഊദിയിലേക്കുള്ള യാത്ര: നിങ്ങളുടെ വിസ അംഗീകരിച്ചുകഴിഞ്ഞാല്‍ സഊദിയിലേക്ക് പോയി നിങ്ങള്‍ക്ക് ജോലി തുടങ്ങാം
ഇഖാമയ്ക്ക് അപേക്ഷിക്കുക: സഊദിയില്‍ എത്തി 90 ദിവസത്തിനുള്ളില്‍ രാജ്യത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇഖാമ ലഭിക്കുന്നതിന് നിങ്ങളുടെ തൊഴിലുടമ നിങ്ങളെ സഹായിക്കും.
പുതുക്കിയ ചട്ടങ്ങളുടെ ഭാഗമായി സൗദി അറേബ്യയ്ക്ക് പുറത്തുള്ള പ്രവാസികള്‍ക്ക് അവരുടെ സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എക്‌സിറ്റ്, റീഎന്‍ട്രി വിസകള്‍ നീട്ടാനും കഴിയും.