കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുറവ്. കഴിഞ്ഞ ദിവസം ഉയര്‍ന്ന അത്ര തന്നെ വില ഇന്ന് താഴുകയായിരുന്നു. ഇനിയും വില കൂടുമെന്നും പവന് ഒരു ലക്ഷം രൂപയിലെത്തുമെന്നുമുള്ള പ്രചാരണം നിലനില്‍ക്കെയാണ് വില കുറഞ്ഞിരിക്കുന്നത്. ഇത് സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. വരും ദിവസങ്ങളിലും സമാനമായ സാധ്യത തള്ളാനാകില്ല.
അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഡോളര്‍ സൂചിക ഉയരുകയും ചെയ്തു. ഇന്ത്യന്‍ രൂപ കരുത്ത് കുറഞ്ഞിരിക്കുകയാണ്. ക്രൂഡ് ഓയില്‍ വില അല്‍പ്പം മെച്ചപ്പെടുന്നുണ്ട്. ഓഹരി വിപണികള്‍ ഇന്ന് ലാഭത്തിലാണ്. ഇന്നത്തെ പവന്‍-ഗ്രാം വില, വില പൊടുന്നനെ കുറയാന്‍ കാരണം എന്നിവ വിശദീകരിക്കാം…
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72120 രൂപയാണ് വില. 2200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7410 രൂപയായി. വെള്ളിയുടെ വിലയില്‍ പക്ഷേ, മാറ്റമില്ല. ഗ്രാമിന് 109 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3340 ഡോളര്‍ ആയി കുറഞ്ഞു.
ഇന്ന് സ്വര്‍ണവില കുറയാന്‍ ഇതാണ് കാരണം
ഇന്നലെ വില കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നു. ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തി എന്ന് കരുതിയാണ് ആളുകള്‍ സ്വര്‍ണം വിറ്റഴിച്ചത്. ഇതോടെ വിപണിയില്‍ കൂടുതല്‍ സ്വര്‍ണമെത്തുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്തതാണ് വില താഴാന്‍ ഇടയാക്കിയത്. സമാനമായ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവില കുറയും.
അമേരിക്കന്‍ പ്രസിഡന്റ് തുടക്കമിട്ട ചുങ്കം ചുമത്തലിന് അല്‍പ്പം ആശ്വാസമുണ്ട്. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കെതിരായ ചുങ്കം മയപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. ഇക്കാര്യത്തില്‍ പല രാജ്യങ്ങളും ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയാണ്. ഇതും സ്വര്‍ണവില കുറയാന്‍ കാരണമായി. വിപണി അന്തരീക്ഷം മെച്ചപ്പെട്ടേക്കുമെന്ന സൂചനകള്‍ നിക്ഷേപകര്‍ക്ക് സന്തോഷം നല്‍കും. അതോടെ സ്വര്‍ണ നിക്ഷേപം പിന്‍വലിച്ച് അവര്‍ വിപണിയില്‍ ഇറക്കും.
സ്വര്‍ണവില പരിധി വിട്ട് കുതിച്ചത് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ജ്വല്ലറി ഉടമകള്‍ക്കും തിരിച്ചടിയാണ് നല്‍കിയത്. വില്‍പ്പന കുറയാന്‍ കാരണമായി. മാത്രമല്ല, ആഭരണം വാങ്ങുന്നവര്‍ പിന്മാറുന്ന ഘട്ടം വന്നു. ഇങ്ങനെ പോയാല്‍ ആഭരണം വാങ്ങുന്നവര്‍ മറ്റുവഴി നോക്കുമെന്ന പ്രചാരണവും തകൃതിയാണ്. 18, 24 കാരറ്റിലേക്ക് തിരിയുക എന്നതിന് പുറമെ വിവാഹ ആവശ്യങ്ങള്‍ക്ക് പോലും വാങ്ങുന്ന ആഭരണത്തിന്റെ അളവ് കുറച്ചു.
ഇന്ന് സ്വര്‍ണം വില്‍ക്കുമ്പോള്‍ എത്ര കിട്ടും
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ജിഎസ്ടിയും ഉള്‍പ്പെടെ 78000 രൂപയോളം ചെലവ് പ്രതീക്ഷിക്കാം. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 70000 രൂപ കിട്ടുമെന്നും കരുതാം. രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചാണ് മിക്ക ജ്വല്ലറികളും പഴയ സ്വര്‍ണം സ്വീകരിക്കാറുള്ളത്. വാങ്ങുന്ന വിലയില്‍ നിന്ന് 8000 രൂപ വരെ വില്‍ക്കുമ്പോള്‍ പവന്‍ സ്വര്‍ണത്തിന് നഷ്ടമാകും.
ഡോളര്‍ സൂചിക വീണ്ടും 99 കടന്ന് മുന്നേറുന്നു എന്ന സൂചനയാണ് വിപണിയില്‍ നിന്നുള്ളത്. ഡോളര്‍ കരുത്ത് കൂടിയാല്‍ സ്വര്‍ണവില കുറയും. മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറിയ കാര്യമാകും എന്നതാണ് ഇതിന് കാരണം. അതേസമയം, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കരുത്ത് അല്‍പ്പം കുറഞ്ഞു. 85.34 എന്ന നിരക്കിലാണ് നിലവിലെ വ്യാപാരം.
ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടുണ്ട്. ബാരലിന് 68 ഡോളറിലേക്ക് എത്തി. ഏറെ നാള്‍ക്ക് ശേഷമാണ് ക്രൂഡ് ഓയില്‍ വില കുതിക്കുന്നത്. ക്രൂഡ് ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് ഇത് സന്തോഷം നല്‍കുന്ന കാര്യമാണ്.