രാജ്യത്തിന്റെ പ്രതിരോധ സേനയിൽ ഓഫിസറാകാനുള്ള സുവർണാവസരമാണ് എൻ.ഡി.എ ആൻഡ് എൻ.എ (NDA & NA) പരീക്ഷ വഴി പ്ലസ് ടു വിദ്യാർഥികൾക്കു ലഭിക്കുന്നത്. സൗജന്യ പഠന പരിശീലനത്തിലൂടെ ആർമി, നേവി, എയർഫോഴ്സ് വിങുകളിൽ കമ്മിഷൻഡ് ഓഫിസറാകാം. പെൺകുട്ടികൾക്കും അവസരമുണ്ട്. പഠനം, താമസം, ഭക്ഷണം, ചികിത്സ, പുസ്തകങ്ങൾ മുതലായ ചെലവുകളെല്ലാം സർക്കാർ വഹിക്കും. മലയാളി വിദ്യാർഥികൾക്ക് സംസ്ഥാന ഗവൺമെന്റ് നൽകുന്ന രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ്പിനും അർഹതയുണ്ട്. എൻ.ഡി.എയിലെ പരിശീലനത്തോടൊപ്പം ജവഹർലാൽ നെഹ്റു സർവകലാശാല നൽകുന്ന ബി.ടെക് / ബി.എസ്.സി / ബി.എ ബിരുദവും ലഭിക്കും. പ്രവേശനത്തിനുള്ള ദേശീയതല പരീക്ഷയ്ക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എൻ.ഡി.എയുടെ ആർമി, നേവി,എയർഫോഴ്സ് വിഭാഗങ്ങളിലെ 156 ാം കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 118 ാം കോഴ്സിലേക്കുമാണ് പ്രവേശനം. സെപ്റ്റംബർ 14 നാണ് എഴുത്തുപരീക്ഷ. 2026 ജൂലൈ ഒന്നിന് കോഴ്സുകൾ ആരംഭിക്കും.
406 ഒഴിവുകൾ
എൻ.ഡി.എയിൽ ആർമി 208 (10 സീറ്റ് വനിതകൾക്ക്), നേവി 42 (05 വനിതകൾ), എയർഫോഴ്സ് 120 (6വനിതകൾ), ഏഴിമല നേവൽ അക്കാദമിയിൽ 36 ( 4 വനിതകൾ) അടക്കം 406 ഒഴിവുകളാണുള്ളത്.
യോഗ്യത
ആർമി വിങിലേക്ക് പ്ലസ്ടുവിന് ഏതു സ്ട്രീമുകാർക്കും അപേക്ഷിക്കാമെങ്കിലും നേവി, എയർഫോഴ്സ് വിങുകളിലേക്ക് പ്ലസ് ടു വിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം.
അവസാന വർഷ പ്ലസ് ടുക്കാർക്കും അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. അപേക്ഷകർക്ക് നിർദിഷ്ട ശാരീരിക യോഗ്യതയും വേണം.2007 ജനുവരി ഒന്നിനും 2010 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.
അപേക്ഷ
www.upsconline.nic.in വഴി ജൂൺ 17 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ രീതിയിൽ ഇത്തവണ മാറ്റമുണ്ട്.
അപേക്ഷാഫീസ് 100 രൂപ. വനിതകൾ, പട്ടിക വിഭാഗക്കാർ, സൈനികരുടെ ആശ്രിതർ എന്നിവർക്ക് ഫീസില്ല.
പരീക്ഷയുടെ ഏഴു ദിവസം മുമ്പ് ഹാൾ ടിക്കറ്റ് വെബ് സൈറ്റിൽ ലഭ്യമാകും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂർ, മൈസൂർ, ബെംഗളൂരു, ‘ ചെന്നൈ അടക്കം വിവിധ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം.
പ്രവേശന രീതി
എഴുത്തുപരീക്ഷ, സർവിസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) നടത്തുന്ന ഇന്റർവ്യൂ എന്നിവ വഴിയാണ് പ്രവേശനം. എഴുത്തു പരീക്ഷയിൽ ഒബ്ജക്ടീവ് ചോദ്യങ്ങളടങ്ങിയ രണ്ട് പേപ്പറുകൾ. ഓരോന്നിനും രണ്ടരമണിക്കൂർ സമയം.
ആദ്യ പേപ്പറായ മാത്തമാറ്റിക്സിൽ 300 മാർക്കിനും രണ്ടാം പേപ്പറായ ജനറൽ എബിലിറ്റി ടെസ്റ്റിൽ 600 മാർക്കിനും ചോദ്യങ്ങൾ. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. ജനറൽ എബിലിറ്റി ടെസ്റ്റിൽ ഇംഗ്ലിഷ്, പൊതുവിജ്ഞാനം എന്നിവയാണ് പരിശോധിക്കുക. പൊതുവിജ്ഞാനത്തിൽ ഫിസിക്സ്, കെമിസ്ട്രി, ജനറൽ സയൻസ്, ചരിത്രം, സ്വാതന്ത്ര്യ സമരം, ഭൂമിശാസ്ത്രം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടും. വിശദമായ സിലബസും മുൻ ചോദ്യങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ് (www.upsc.gov.in). ഒക്ടോബറിൽ പരീക്ഷയുടെ ഫലമറിയാം.
എസ്.എസ്.ബി ഇന്റർവ്യൂ
എഴുത്തു പരീക്ഷയിൽ മികവുള്ളവർക്ക് രണ്ടാംഘട്ടമായ എസ്.എസ്.ബി നടത്തുന്ന ഇന്റലിജൻസ് ആൻഡ് പഴ്സണാലിറ്റി ടെസ്റ്റിൽ പങ്കെടുക്കണം. ഈ ഘട്ടത്തിനും 900 മാർക്കുണ്ട്. അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കുന്ന വിശദമായ വ്യക്തിത്വ പരിശോധനയാണിത്. ആദ്യമായി ഇന്റർവ്യൂയിൽ പങ്കെടുക്കുന്നവർക്ക് യാത്രാചിലവ് ലഭിക്കും. www.joinindianarmy.nic.in, www.joinindiannavy.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ഇന്റർവ്യൂ കേന്ദ്രവും തീയതിയും മനസിലാക്കണം. 2025 ഡിസംബർ 2026 ജനുവരി മാസങ്ങൾക്കിടയിലായിരിക്കും എസ്.എസ്.ബി ഇന്റർവ്യൂ.
പൈലറ്റ് പരീക്ഷ
എയർഫോഴ്സിൽ ഫഌിങ് ബ്രാഞ്ച് പ്രവേശന മാഗ്രഹിക്കുന്നവർ പൈലറ്റ് അഭിരുചി നിർണയിക്കുന്ന കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്ഷൻ സിസ്റ്റം (CPSS) കൂടി ജയിക്കണം. ഒറ്റത്തവണ മാത്രമേ അവസരമുള്ളൂ. നേവിയിലെ പൈലറ്റ് നിയമനത്തിനും ഈ പരീക്ഷ എഴുതേണ്ടതുണ്ട്.
സ്റ്റൈപ്പന്റോടെ പരിശീലനം
പരീക്ഷയിൽ യോഗ്യത നേടി കേഡറ്റുകളായി തിരഞ്ഞെടുക്കുന്നവർക്ക് പൂനയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിലും കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാദമിയിലും സ്റ്റൈപ്പന്റോടെയുള്ള പരിശീലനം ലഭിക്കും. എൻ.ഡി.എയിൽ മൂന്ന് വർഷമാണ് പ്രാഥമിക പരിശീലനം. തുടർന്ന് ഡെറാഡൂൺ, ഏഴിമല, ഹൈദരാബാദ് കേന്ദ്രങ്ങളിലെ സമഗ്ര പരിശീലനത്തിനുശേഷം ലഫ്റ്റനന്റ് (ആർമി വിഭാഗം), സബ് ലഫ്റ്റനന്റ് (നേവി), ഫ്ലയിങ് ഓഫിസർ (എയർ ഫോഴ്സ് ) തസ്തികകളിൽ നിയമനം ലഭിക്കും. നേവൽ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക്
ഏഴിമലയിലെ നാലുവർഷത്തെ പരിശീലനത്തിനുശേഷം കമ്മിഷൻഡ് ഓഫിസറാകുന്നതോടൊപ്പം ജവഹർലാൽ നെഹ്റു സർവകലാശാല നൽകുന്ന ബി.ടെക് ഡിഗ്രിയും ലഭിക്കും. വിശദവിവരങ്ങൾ www.upsconline.gov.in ൽ ലഭ്യമാണ്. ഹെൽപ് ഡെസ്ക് : 01124041001.













