സനാ: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണായക നീക്കങ്ങള്‍ തുടരുകയായിരുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് വധശിക്ഷ നീട്ടാൻ നിർണായകമായത്. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയെന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇന്ത്യൻ ശ്രമങ്ങൾ ഫലം കണ്ടെന്ന് കേന്ദ്രം അറിയിച്ചു.
നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞിരുന്നു. യമനിലെ പണ്ഡിതരുമായും ജഡ്ജിമാരുമായും സംസാരിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ ശിക്ഷ നീട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതന്‍ ഹബീബ് ഉമർ ഹഫീളിന്റെ പ്രതിനിധികള്‍ നടത്തുന്ന ചർച്ച ഇന്ന് രാവിലെ ആരംഭിച്ചിരുന്നു. തലാലിന്റെ സ്വദേശമായ ഉത്തര യമനിലെ ദമാറിലാണ് ചർച്ച.












