കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്ന മാതാപിതാക്കള്‍ അവരെ പഠിക്കാനും ഹോംവര്‍ക്ക് ചെയ്യാനുമൊക്കെ വിളിക്കുമ്പോള്‍ അവര്‍ പഠനത്തോടും പഠിപ്പിക്കുന്നതിനോടും വിമുഖത കാണിക്കുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍
നമുക്ക് ദേഷ്യം തോന്നുക സ്വാഭാവികമാണ്.
മാതാപിതാക്കളുടെ ക്ഷമ നശിപ്പിക്കുന്ന കുട്ടികളിലെ ഈ ശീലം ചില രക്ഷിതാക്കള്‍ക്ക് പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിയില്ല. ക്ഷമ നശിപ്പിക്കുന്ന കുട്ടികളിലെ ഈ ശീലങ്ങള്‍ ചില രക്ഷിതാക്കള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനും കഴിയില്ല. അതുകൊണ്ട് തന്നെ ഇവര്‍ കുട്ടികളെ വഴക്കുപറയാറുമുണ്ട്.
ചിലര്‍ ഉപദ്രവിക്കുകയും ചെയ്യും. കുട്ടികളെ വഴക്കുപറയുകയും ഉപദ്രവിക്കുകയും ചെയ്യുമ്പോള്‍ ഇതു കാണുന്ന കുടുംബത്തിലെ മറ്റുള്ളവര്‍ പഠിപ്പിക്കുന്ന വ്യക്തിയെ ചോദ്യം ചെയ്യുകയും അതു കുടുംബവഴക്കിലേക്ക് എത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങനെ എത്താതിരിക്കാന്‍ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
പഠിപ്പിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് കുട്ടികള്‍ക്ക് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ എന്ന് ആദ്യം സ്വയമൊന്നു വിലയിരുത്തുക.
പലരും കുട്ടികളെ ട്യൂഷന് വിടാതെ സ്വയം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണാം. ഇതിനൊരു കാരണം ആ പണം നഷ്ടപ്പെടുത്തണ്ടല്ലോ എന്നു കരുതിയാണ്. എന്നാല്‍ അവരെ പഠിപ്പിക്കാനുള്ള സ്കില്‍ ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് പഠിപ്പിക്കുവാന്‍ കഴിയൂ.
ഒരു കാര്യം കുട്ടിക്ക് പല ആവര്‍ത്തി പറഞ്ഞു കൊടുത്തിട്ടും കുട്ടിക്കത് മനസ്സിലാകുന്നില്ലെങ്കില്‍ അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ മറ്റേതെങ്കിലും മാര്‍ഗമുപയോഗിച്ച് പറഞ്ഞു കൊടുക്കാനുള്ള സ്കില്‍ നിങ്ങള്‍ക്കുണ്ടായിരിക്കണം. ഈ സ്കില്‍ നിങ്ങള്‍ക്കില്ലെങ്കില്‍ മക്കളെ സ്വയം പഠിപ്പിക്കുവാന്‍ മുതിരരുത്. ഇത് മക്കളുടെ ഭാവി ഇല്ലാതാക്കുകയും കുട്ടിയുമായുള്ള നിങ്ങളുടെ അടുപ്പം കുറയുകയും വലിയ വഴക്കിന് കാരണമാവുകയും ചെയ്യാം.
നിങ്ങള്‍ ദേഷ്യമുള്ള ആളാണെങ്കില്‍ പഠനം തുടങ്ങുന്നതിനു മുന്‍പ് ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കുക. മെഡിറ്റേഷന്‍, ബ്രിത്തിങ് എക്സര്‍സൈസ് തുടങ്ങി വിവിധ ശ്വസന വ്യായാമങ്ങളിലൂടെ നിങ്ങള്‍ക്ക് ഒരു പരിധി വരെ ദേഷ്യം നിയന്ത്രിക്കാവുന്നതാണ്. ഇനി പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ദേഷ്യം വരുകയാണെങ്കില്‍ ഉടനെ ഒരു ഗ്ലാസ് വെള്ളമോ ജ്യൂസോ കുടിക്കുകയും മുഖം കഴുകുകയും ബ്രേക്ക് എടുക്കുകയോ ചെയ്യേണ്ടതാണ്.
അതുപോലെ പഠനത്തിനിടയില്‍ കുട്ടികള്‍ക്കും ബ്രേക്ക് നല്‍കുക. ചില കുട്ടികളില്‍ ശ്രദ്ധക്കുറവും ഹൈപ്പര്‍ ആക്ടിവിറ്റിയും പക്വതക്കുറവും പഠനപ്രശ്നങ്ങളുമൊക്കെ ഉണ്ടാവാം. ഇങ്ങനെയുള്ള കുട്ടികളെ പഠിപ്പിക്കുമ്പോള്‍ വളരെയധികം സമയം പറഞ്ഞു കൊടുക്കേണ്ടിയും വരും.
അങ്ങനെയുള്ളപ്പോള്‍ പറഞ്ഞു കൊടുക്കുന്ന ആള്‍ക്കും നല്ല ക്ഷമ ആവശ്യമാണ്. അതുകൊണ്ട് തന്നെ പഠിപ്പിക്കുമ്പോള്‍ 15 മിനിറ്റു കഴിഞ്ഞാല്‍ 5 മിനിറ്റ് ബ്രേക്ക് നല്‍കുക. ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ ബ്രേക്ക് നല്‍കുന്നതിലൂടെ പഠനത്തിനിടയില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും മറ്റും കുറയ്ക്കാനും കഴിയും.
ചില കുട്ടികള്‍ എപ്പോള്‍ പഠിപ്പിക്കുവാന്‍ തുടങ്ങുന്നുവോ ആ സമയത്ത് മറ്റു വിശേഷങ്ങള്‍ പറഞ്ഞു പഠനത്തില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കും. ഇത്തരത്തില്‍ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് ദേഷ്യം വന്നു തുടങ്ങും. അതുകൊണ്ട് കൃത്യമായ നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് ആദ്യമേ നല്‍കുക.
ഇനി ബ്രേക്ക് എടുക്കുന്ന സമയത്തു മാത്രമേ സംസാരിക്കാന്‍ അനുവദിക്കൂ എന്നു പറയുകയും സംസാരത്തെ വിലക്കുകയും ചെയ്യുക. ഇത് പിന്തുടരാന് രണ്ടു കൂട്ടരും ശ്രമിക്കുകയും വേണം.
കുട്ടികള്‍ക്ക് പഠനത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയണം. നിങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് കുട്ടിക്ക് മനസ്സിലാകുന്നുണ്ടോ എന്നും എന്തെങ്കിലും വൈകല്യങ്ങള്‍ കുട്ടികള്‍ക്ക് പഠനത്തില്‍ ഉണ്ടോ എന്നും തിരിച്ചറിയുക.
എഴുത്ത്, വായന, കണക്ക്, സ്പെല്ലിങ്, വായിക്കുന്നത് മനസ്സിലാക്കാനുള്ള കഴിവ് ഇവയില്‍ ഏതെങ്കിലും ഭാഗങ്ങളില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് കൃത്യമായി വിലയിരുത്തുക. ഉണ്ടെങ്കില്‍ അതു മാറ്റിയെടുക്കുന്നതിനായി ചൈല്‍ഡ് സൈക്കോളജിസ്റ്റുകളുടെ സേവനം തേടേണ്ടതാണ്.















