സ്വന്തമായി ഒരു സ്വപ്ന ഭവനം എല്ലാവരുടെയും ലക്ഷ്യമാണ്. പ്രത്യേകിച്ചും കേരളത്തിൽ ഒരു ശരാശരി മലയാളിയുടെ ജീവിത ലക്ഷ്യം പോലും വീട് തന്നെയായിരിക്കും. ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് പണമുണ്ടാക്കിയും, വായ്പ എടുത്തുമെല്ലാമാണ് പലരും വീട് പണിയുന്നത്. എന്നാൽ കേരളത്തിൽ ഒരു വീട് വാങ്ങുന്നത്/പണിയുന്നത് എളുപ്പമാണോ? നിലവിലെ നിയമങ്ങൾ പ്രകാരം ഒരു വീട് പൂർണമായി ലഭിക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടി വരും.
കേരളത്തിലെ പ്രീമിയം നഗരങ്ങൾ ഉൾപ്പെടെ ചെറിയ ടൗണുകളിൽ പോലും വീട് വാങ്ങുന്നത് അത്ര എളുപ്പമല്ല. നിരവധി നിയമനടപടികൾ നേരിടേണ്ടി വരും. മാത്രമല്ല മാസങ്ങളോളം ചില രേഖകൾക്കായി നിങ്ങൾ പരിശ്രമിക്കേണ്ടി വരും. കേരളത്തിൽ ഒരു വീട് വാങ്ങുന്നതിനുള്ള നിയമപരമായ നടപടികളെല്ലാം അറിഞ്ഞിരിക്കാം;
1. ഉടമസ്ഥാവകാശ രേഖ പരിശോധിക്കണം
വിൽപ്പനക്കാരന്റെ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഏറ്റവും നിർണായകമായ ഒന്നാണ്. സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ഒരു ബാധ്യതാ സർട്ടിഫിക്കറ്റ് നേടിക്കൊണ്ട് ഉടമസ്ഥാവകാശ രേഖക്ക് മറ്റ് ബാധ്യതകളൊന്നും തന്നെയില്ലെന്ന് സ്ഥിരീകരിക്കുക.
2. RERA രജിസ്ട്രേഷൻ പരിശോധിക്കുക
നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടി കേരളത്തിലെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
3. കെട്ടിട അനുമതികളും പെർമിറ്റുകളും പരിശോധിക്കുക
കെട്ടിടത്തിൻ്റെ പ്ലാൻ അംഗീകാരം, ആരംഭ സർട്ടിഫിക്കറ്റ്, ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് (OC) എന്നിവയുടെ പകർപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ആവശ്യപ്പെടുക. പ്രാദേശിക നിയമങ്ങളും കെട്ടിട ചട്ടങ്ങളും പാലിച്ചു കൊണ്ടുള്ള നിർമ്മാണമാണോ എന്നുറപ്പിക്കുവാനാണ് ഈ രേഖകൾ. ഈ അംഗീകാരങ്ങൾ ഇല്ലെങ്കിൽ, ഭാവിയിൽ പ്രോപ്പർട്ടിക്ക് നിയമപരമായ പ്രതിസന്ധികൾ വന്നേക്കാം.
4. വിൽപ്പന കരാർ അവലോകനം ചെയ്യണം
ആകെ ചെലവ്, പേയ്മെന്റ് ഷെഡ്യൂൾ, കൈവശാവകാശ തീയതി, കാലതാമസത്തിനുള്ള പിഴ വ്യവസ്ഥകൾ എന്നിവ വിൽപ്പന കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒപ്പിടുന്നതിന് മുമ്പ് എല്ലാ നിബന്ധനകളും വ്യക്തമായി വായിച്ച് ഉറപ്പാക്കുക.
5. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻഒസി)
വൈദ്യുതി, വെള്ളം, അഗ്നി സുരക്ഷ, പരിസ്ഥിതി അനുമതികൾ തുടങ്ങിയ വിവിധ അധികാരികളിൽ നിന്നുള്ള എൻഒസികൾ നിർബന്ധമായും കരുതേണം. പ്രോപ്പർട്ടി സുരക്ഷാ, നിയന്ത്രണ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ സർട്ടിഫിക്കറ്റുകൾ.
6. വസ്തു നികുതി രസീതുകൾ സ്ഥിരീകരിക്കുക
വസ്തുവിന്മേൽ കുടിശ്ശികകൾ ഇല്ലെന്ന് ഉറപ്പാക്കാൻ സ്വത്ത് നികുതി രസീതുകൾ പരിശോധിക്കുക. ഉടമസ്ഥാവകാശത്തിന്റെ ആധികാരികത പരിശോധിക്കാനും ഇത് സഹായിക്കുന്നു.
7. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക
മുകളിൽ പരാമർശിച്ച എല്ല രേഖകളും പരിശോധിച്ചുകഴിഞ്ഞാൽ, പ്രാദേശിക സബ് രജിസ്ട്രാർ ഓഫീസിൽ പ്രോപ്പർട്ടി രജിസ്ട്രേഷൻ നടത്താം. കേരളത്തിലെ ചട്ടങ്ങൾ അനുസരിച്ച് ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി (8%), രജിസ്ട്രേഷൻ ചാർജുകൾ (2%) എന്നിവ അടയ്ക്കുക. സാക്ഷികളുടെ സാന്നിധ്യത്തിൽ ഒപ്പിട്ട് രജിസ്ട്രേഷൻ നടത്തേണം.
ഈ പ്രക്രിയകളെല്ലാം ദിവസങ്ങളോളം, അല്ലെങ്കിൽ മാസങ്ങളോളം സമയമെടുത്ത് പൂർത്തിയാവുന്നതാണ്. 2025 ഏപ്രിൽ മുതൽ, കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണി മികച്ച നേട്ടത്തിലാണ്. കേരളത്തിലെ ചില സ്ഥലങ്ങൾ പ്രോപ്പർട്ടി നിക്ഷേപത്തിനുള്ള പ്രധാന സ്ഥലങ്ങളായി മാറുന്നു. പ്രധാനമായും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് മികച്ച പ്രോപ്പർട്ടികൾ വാങ്ങുവാൻ ആളുകൾ താത്പര്യപ്പെടുന്നതെന്ന് വിവിധ റിപ്പോർട്ടുകളിൽ പരാമർശിക്കുന്നു.
സാമ്പത്തിക സ്രോതസ്സ്
വീട് വാങ്ങുന്നതിനു മുന്നേ നിങ്ങളുടെ സാമ്പത്തിക സ്രോതസ്സ് അറിഞ്ഞിരിക്കണം. നിലവിൽ ഒരു പ്രീമിയം വീട് വാങ്ങാൻ 1 കോടിയും അതിനു മുകളിലും ബഡ്ജറ്റ് വേണ്ടി വരും. എന്നാൽ 4 അംഗങ്ങൾ അടങ്ങുന്ന ഒരു കുടുംബത്തിന് ഇടത്തരം വീട് വാങ്ങുമ്പോൾ പോലും 40-50 ലക്ഷം വേണ്ടി വരും. വീട് വാങ്ങുമ്പോൾ സ്ഥലവും കൂട്ടിയാണ് അതിൻ്റെ തുക കണക്കാക്കുന്നത്. വാങ്ങാനുദ്ദേശിക്കുന്ന വീട് നഗരമധ്യത്തിലാണെങ്കിൽ സ്ഥലത്തിൻ്റെ വില സെൻ്റിന് കുറഞ്ഞത് 2 മുതൽ 3 ലക്ഷം വരെയായിരിക്കും. അത്തരം സാഹചര്യങ്ങളിൽ പ്രോപ്പർട്ടിയുടെ മൊത്തം വില 50 ലക്ഷത്തിനു മുകളിലായിരിക്കും.
എന്നാൽ ഗ്രാമ പ്രദേശങ്ങളിൽ ചിലപ്പോൾ സ്ഥലത്തിന് സെൻ്റിന് വില 1 ലക്ഷത്തിനുള്ളിൽ മാത്രമായിരിക്കും. അപ്പോൾ സ്വാഭാവികമായും മൊത്തം പ്രോപ്പർട്ടിയുടെയും വില കുറയും. പ്രോപ്പർട്ടിയുടെ വിലക്ക് പുറമേ രജിസ്ട്രേഷന് വലിയൊരു തുകയും കണക്കാക്കേണ്ടി വരും. അതായത് പ്രോപ്പർട്ടിയുടെ വാല്യൂേഷൻ അനുസരിച്ചായിരിക്കും രജിസ്ട്രേഷൻ തുക കണക്കാക്കുക. അതും ലക്ഷങ്ങൾ നൽകേണ്ടി വരും.
ഒരു പക്ഷേ നിങ്ങൾ ലോൺ എടുത്തിട്ടാണ് വീട് വാങ്ങുന്നതെങ്കിൽ ഈ പ്രക്രിയകൾക്കിടയിൽ ഭവന വായ്പയുടെ പ്രോസസ്സുകളും പൂർത്തീകരിക്കണം. മൊത്തം പണം കൈവശമുണ്ടെങ്കിൽ കാര്യങ്ങൾ അൽപ്പം കൂടി എളുപ്പമാവാം.















