---പരസ്യം---

കുഞ്ഞു രാജ്യങ്ങൾ ലോകകപ്പിലേക്ക്; ഏഷ്യൻ കപ്പ് യോഗ്യതപോലുമില്ലാതെ ഇന്ത്യ; സിംഗപ്പൂരിനോട് തോറ്റ് ഛേത്രിയും സംഘവും

On: October 14, 2025 11:35 PM
Follow Us:
പരസ്യം

ഗോവ: കേപ് വെർഡെയും ബെനിനും ഐസ്ലൻഡും ഉൾപ്പെടെ കുഞ്ഞു രാജ്യങ്ങളുടെ ഫുട്ബാൾ കളത്തിലെ കുതിപ്പ് വായിച്ച് അത്ഭുതപ്പെടുന്ന ഇന്ത്യൻ ആരാധകർക്ക് നിരാശമാത്രം. ചെറു രാജ്യങ്ങൾ ലോകകപ്പോളം ഉയർന്ന വാർത്തയെത്തിയ ​അതേ ദിനം വൻകരയുടെ പോരാട്ടമായ ഏഷ്യൻ കപ്പിൽ കളിക്കാനുള്ള യോഗ്യതയും ഇന്ത്യക്ക് അന്യമായി.

2027 ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ സിംഗപ്പൂരിനെതിരെ ഇന്ത്യയുടെ നാണംകെട്ട തോൽവി (2-1).

നാലു ദിനം മുമ്പ് എതിരാളിയുടെ തട്ടകത്തിൽ അവരെ സമനില പിടിച്ച ഇന്ത്യക്കാണ്, തൊട്ടുപിന്നാലെ സ്വന്തം മണ്ണിൽ അടിതെറ്റിയത്. ​സിംഗപ്പൂരിനോട് തോൽവി വഴങ്ങിയ ബ്ലൂ ടൈഗേഴ്സിന്റെ ഏഷ്യാകപ്പ് മോഹവും പൊലിഞ്ഞു. യോഗ്യതാ റൗണ്ടിലെ മൂന്നാം ഘട്ടത്തിലെ ഗ്രൂപ്പ് ‘സി’ മത്സരത്തിൽ നാല് കളി കഴിഞ്ഞപ്പോൾ ഒരു ജയം പോലുമില്ലാത്ത ഇന്ത്യക്ക് രണ്ട് പോയന്റാണുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാൽ പോലും ഏഷ്യാകപ്പ് യോഗ്യത വിദൂര സ്വപ്നം മാത്രമാണ്. ​ഇതോടെ, തുടർച്ചയായി മൂന്നാം തവണയും വൻകരയുടെ മേളയിൽ പന്തുതട്ടാനുള്ള ഇന്ത്യയുടെ മോഹമാണ് പൊലിഞ്ഞത്.

മഡ്ഗാവിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളിയുടെ 14ാം മിനിറ്റിൽ ലാലിയാൻസുവാല ചാങ്തെയുടെ ഗോളിലൂടെ ഇന്ത്യ തുടക്കം കുറിച്ചുവെങ്കിലും കളി പൂർത്തിയാക്കിയത് സിംഗപ്പൂരായിരുന്നു. 44, 58 മിനിറ്റുകളിലായി സോങ് യോങിന്റെ ബൂട്ടിൽ നിന്നും പിറന്ന ഇരട്ട ഗോളുകൾ ഇന്ത്യയുടെ വിധി തീർപ്പാക്കി. നേരത്തെ ബംഗ്ലാദേശിനോടും (0-0), സിംഗപ്പൂരിനോടും (1-1) നേടിയ സമനിലയുടെ രണ്ട് പോയന്റുകൾ മാത്രമാണ് ഇന്ത്യക്കുള്ളത്. ഹോങ്കോങ്ങിനോട് 1-0ത്തിന് തോറ്റിരുന്നു. ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ട് കളിയിൽ നവംബറിൽ ബംഗ്ലാദേശിനെയും, 2026 മാർച്ചിൽ ഹോങ്കോങ്ങിനെയും നേരിടും.

നാല് കളിയിൽ നിന്നും എട്ട് പോയന്റ് വീതം നേടിയ ഹോങ്കോങ്ങും സിംഗപ്പൂരുമാണ് ​ഗ്രൂപ്പിൽ മുന്നിലുള്ളത്. ഗ്രൂപ്പിലെ ജേതാക്കൾക്കാണ് ഏഷ്യാകപ്പിലേക്ക് നേരിട്ട് യോഗ്യത.

പുതിയ പരിശീലകൻ ഖാലിദ് ജമീലിനു കീഴിൽ പുത്തൻ ആവേശത്തോടെ കാഫ നാഷൻസ് കപ്പിൽ മൂന്നാം സ്ഥാനത്തെത്തി മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യക്ക് പക്ഷേ, ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ തിളങ്ങാനായില്ല. സുനിൽ ഛേത്രി, ലിസ്റ്റൻ കൊളാസോ, അൻവർ അലി, ചാങ്തെ, ഭേകെ എന്നിവർ ഉൾപ്പെടെ താരങ്ങളെല്ലാം ​െപ്ലയിങ് ഇലവനിൽ ഇടം നേടിയിരുന്നു. മലയാളി താരം മുഹമ്മദ് ഉവൈസിന് കളിക്കാൻ അവസരം ലഭിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ സന്ദേശ് ജിങ്കാൻ ഇല്ലാതെയായിരുന്നു ഇന്ത്യ ഇറങ്ങിയത്.

2019 യു.എ.ഇ ഏഷ്യൻ കപ്പിലും 2023 ഖത്തർ ഏഷ്യൻ കപ്പിലും കളിച്ച ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ഏഷ്യൻ കപ്പ് യോഗ്യതയെന്ന സ്വപ്നമാണ് പൊലിഞ്ഞത്. 2027ൽ സൗദിയിലാണ് ഏഷ്യൻ കപ്പ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!