ദീപാവലിയൊക്കെയാണ്… ട്രെയിനിലെല്ലാം യാത്രക്കാരുടെ തിക്കും തിരക്കുമുള്ള സമയമാണ്. അതുകൊണ്ട് തന്നെ ഒഴിവിന് നാട്ടിലേക്കുള്ള ടിക്കറ്റെടുക്കാന്‍ പ്രയാസം നേരിടുന്നവരുണ്ടാവും. ടിക്കറ്റ് ബുക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ ആകാതെ വെയിറ്റിങ് ലിസ്റ്റില്‍ പെട്ടിരിക്കുന്നവര്‍ക്ക് ഐ.ആര്‍.ടി.സിയുടെ വികല്‍പ് പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
എന്താണ് വികല്‍പ് സ്‌കീം
ബുക്ക് ചെയ്ത ട്രെയിന്‍ വൈകുകയോ, കണ്‍ഫര്‍മേഷനാകാതെ വെയ്റ്റിങ് ലിസ്റ്റില്‍ വന്ന ശേഷം, ടിക്കറ്റ് ലഭിക്കാതിരിക്കുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് ബദല്‍ ട്രെയിന്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യത്തിനായാണ് വികല്‍പ് സ്‌കീം കൊണ്ടുവന്നിരിക്കുന്നത്.
ഈ സ്‌കീം പ്രകാരം ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മറ്റൊരു ട്രെയിനിലേക്ക് ഒരു കണ്‍ഫര്‍മേഷനുള്ള ബെര്‍ത്ത് നല്‍കും. എല്ലാ ട്രെയിനുകളുടേയും ക്ലാസുകളിലെ യാത്രക്കാര്‍ക്ക് ഈ സ്‌കീമില്‍ പരമാവധി ഏഴു ട്രെയിനുകള്‍ തിരഞ്ഞെടുക്കാനാകും.
പദ്ധതിയുടെ സവിശേഷതകള്‍:
വികല്‍പ് ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്നും അധിക പണം ഈടാക്കുകയോ, പുതിയ ട്രെയിനില്‍ ടിക്കറ്റ് ചാര്‍ജ് കുറവാണെങ്കില്‍ ബാക്കി പണം റീഫണ്ട് ചെയ്യുകയോ ഉണ്ടാകില്ല.
പദ്ധതി പ്രകാരം ഒരിക്കല്‍ മറ്റൊരു ട്രെയിനിലേക്ക് ടിക്കറ്റ് മാറ്റിക്കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് അവരുടെ യഥാര്‍ഥ ബുക്കിങിലേക്ക് തിരികെ മാറാന്‍ കഴിയില്ല.
മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കാണ് വികല്‍പ് പദ്ധതി ബാധകമായിരികുന്നത്.
വെയിറ്റിംഗ് ലിസ്റ്റില്‍ ടിക്കറ്റുള്ള യാത്രക്കാരെ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മറ്റു ട്രെയിനുകളിലേക്ക് സ്വയമേവ പരിഗണിക്കും.
വികല്‍പ് സ്‌കീം ഉപയോഗിച്ച് എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം
ലോഗിന്‍ ചെയ്യുക: ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് ലോഗിന്‍ ചെയ്യുക
യാത്രാ വിശദാംശങ്ങള്‍ നല്‍കുക: തെരഞ്ഞെടുക്കുന്ന തിയ്യതിയും റൂട്ടും ഉള്‍പ്പെടെയുള്ള യാത്രാ വിശദാംശങ്ങള്‍ നല്‍കുക.
വികല്‍പ് ഓപ്ഷന്‍: ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരു ട്രെയിന്‍ ഓപ്ഷന്‍ വേണമെങ്കില്‍ വികല്‍പ് സ്‌കാം തെരഞ്ഞടുക്കുക.
ഇതര ട്രെയിന്‍ തെരഞ്ഞെടുക്കുക: ലഭ്യമായ ട്രെയിനുകളുടെ പട്ടികയില്‍ നിന്ന് ബദലായി വേണ്ട ട്രെയിന്‍ തെരഞ്ഞെടുക്കുക.
PNR സ്റ്റാറ്റസ്: നിങ്ങളുടെ ടിക്കറ്റ് മറ്റൊരു ട്രെയിനിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ നിങ്ങളുടെ PNR സ്റ്റാറ്റസ് പരിശോധിക്കുക.
ആര്‍ക്കെല്ലാം പ്രയോജനപ്പെടുത്താം?
ബുക്കിംഗ് ക്വാട്ടയും കണ്‍സെഷനും പരിഗണിക്കാതെ എല്ലാ വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. ചാര്‍ട്ട് ചെയ്ത സമയത്ത് പൂര്‍ണമായും വെയ്റ്റിങ് ലിസ്റ്റ് ചെയ്ത യാത്രക്കാര്‍ക്ക് മാത്രമേ സ്‌കീമിന് കീഴിലുള്ള മറ്റൊരു ട്രെയിനിലേക്ക് മാറാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ യാത്രാ തിയ്യതിക്ക് മുന്നേ പി.എന്‍.ആര്‍ സ്റ്റാറ്റസ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഒരു യാത്രക്കാരന് ഏഴ് ഇതര ട്രെയിനുകള്‍ വരെ തെരഞ്ഞടുക്കാനുള്ള അവസരമുണ്ട്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
സ്ഥിരീകരണത്തിന് ഉറപ്പില്ല:
വികല്‍പ് പദ്ധതി പ്രകാരം സീറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നേ ഉള്ളൂ.. ഇത് പൂര്‍ണമായും ഉറപ്പ് നല്‍കുന്നില്ല.
റദ്ദാക്കുമ്പോള്‍:
ഇതര ട്രെയിനിലെ സ്ഥിരീകരിച്ച ടിക്കറ്റ് പിന്നീട് റദ്ദാക്കുകയാണെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് റദ്ദാക്കല്‍ നിരക്കുകള്‍ ബാധകമാണ്.
ഒറ്റ ബോര്‍ഡിംഗ് ഓപ്ഷന്‍ :
മറ്റൊരു ട്രെയിനിലേക്ക് യാത്ര ക്രമീകരിച്ചുകഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് അവരുടെ ആദ്യത്തെ ബുക്കിംഗിലേക്ക് മടങ്ങാന്‍ കഴിയില്ല.












