തിരുവനന്തപുരം: ഒരു വയസ്സുകാരിയായ കുഞ്ഞ് അദ്വൈതയ്ക്ക് കണ്ണ് തുറന്ന് കരയാനാകില്ല. കാരണം കരയുമ്പോള്‍ അവളുടെ കണ്ണ് തള്ളി പുറത്തേക്ക് വരും. അതിനാല്‍ ബാന്‍ഡേജ് ഉപയോഗിച്ച് മകളുടെ കണ്ണുകള്‍ പാതിയടച്ച് താങ്ങി നിര്‍ത്തിയിരിക്കുകയാണ് നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശികളായ മാതാപിതാക്കള്‍ സായി കൃഷ്ണനും സജിനിയും. അപൂര്‍വ്വ രോഗവുമായി ജനിച്ച് മരണത്തോട് മല്ലിടുകയാണ് ഈ കുഞ്ഞ്.
ഇതേ രോഗത്തോടെ ജനിച്ച അദ്വൈതയുടെ ഇരട്ടസഹോദരിയായ അര്‍ത്ഥിത മരണമടഞ്ഞത് രണ്ടാഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ്. ഒരു കുഞ്ഞിന്റെയെങ്കിലും ജീവന് രക്ഷിക്കാനുളള പോരാട്ടത്തിലായിരുന്നു ഈ അച്ഛനമ്മമാര്‍. മാതൃഭൂമി ന്യൂസാണ് അദ്വൈതയുടെ ദുരിതാവസ്ഥയുടെ വാര്‍ത്ത പുറത്ത് വിട്ടത്.
അദ്വൈതയുടെ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപയാണ് ചിലവ് വരിക. ഇത്രയും പണം സ്വന്തമായി എടുക്കാനുളള സാമ്പത്തിക ശേഷി ഉളളവരല്ല സായി കൃഷ്ണയും സജിനിയും. വാര്‍ത്ത പുറത്ത് വന്നതോടെ നാട് ഒട്ടാകെ അദ്വൈതയ്ക്ക് വേണ്ടി കൈ കോര്‍ത്തിരിക്കുകയാണ്. ചെറുതും വലുതുമായി നിരവധി പേരാണ് സഹായം എത്തിച്ചത്. അദ്വൈതയെ സഹായിക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി അടക്കം മുന്നോട്ട് വന്നിരിക്കുകയാണ്. പത്ത് ലക്ഷം രൂപയാണ് ലുലു ഗ്രൂപ്പിന്റെ വകയായി ചികിത്സാ ഫണ്ടിലേക്ക് പ്രഖ്യാപിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ അദ്വൈതയുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് പണം കൈമാറി.
ഇരട്ടക്കുഞ്ഞുങ്ങളെ സജിനി ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ വൈകല്യാവസ്ഥകളൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. ജനിച്ച് പത്ത് മാസം ആയപ്പോഴാണ് കരയുമ്പോള്‍ കണ്ണ് പുറത്തേക്ക് വരുന്നതായി ശ്രദ്ധിച്ചത്. തുടര്‍ന്ന് കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശസ്ത്രക്രിയ വേണം എന്നുറപ്പായി. അത് വരെ കുഞ്ഞ് കരയുമ്പോള്‍ കണ്ണ് പുറത്തേക്ക് വരുന്നത് തടയാന്‍ ബാന്‍ഡേജ് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത് ഡോക്ടര്‍മാര്‍ തന്നെയാണ്.
ബാന്‍ഡേജ് രണ്ട് കണ്ണിലും ഇട്ടതോടെ അദ്വൈതയ്ക്ക് ചെറുതായിട്ട് മാത്രമാണ് അച്ഛനേയും അമ്മയേയും പോലും കാണാന്‍ സാധിക്കുന്നത്. കുഞ്ഞ് കിടന്ന് ഉറങ്ങുമ്പോള്‍ മാത്രമാണ് ഈ ബാന്‍ഡേജ് കണ്ണില്‍ നിന്ന് മാറ്റുന്നത്. കുഞ്ഞിന്റെ അവസ്ഥ അറിഞ്ഞ് ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസറെ ആരോഗ്യവുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ചികിത്സാ സഹായം ലുലു ഗ്രൂപ്പില്‍ നിന്നടക്കം എത്തിയതോടെ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












