തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുന്നതില്‍ വലിയ പരിഷ്‌കാരത്തിന് കളമൊരുങ്ങുന്നു. ഉയരം പരിഗണിക്കാതെ 300 ചതുരശ്ര മീറ്റര്‍ (3229.17 ചതുരശ്ര അടി) വരെ വിസ്തീര്‍ണമുള്ള ഇരുനില വീടുകള്‍ക്ക് അപേക്ഷിച്ചാലുടന്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നതായാണ് വിവരം.
മനോരമ ഓണ്‍ലൈന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഒട്ടേറെ നിര്‍ണായക ഭേദഗതികള്‍ തയാറായിട്ടുണ്ട് എന്നും നിയമ വകുപ്പിന്റെ പരിശോധന കൂടി പൂര്‍ത്തിയായാല്‍ വിജ്ഞാപനം പുറത്തിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഏഴ് മീറ്റര്‍ വരെ ഉയരമുള്ള വീടുകളെ സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ലഭിക്കുന്ന വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ ഏഴ് മീറ്റര്‍ എന്ന പരിധി എടുത്തുകളയാനാണ് നീക്കം. അതുപോലെ വാണിജ്യ കെട്ടിടങ്ങള്‍ക്ക് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് നല്‍കാനുള്ള വിസ്തീര്‍ണവും വര്‍ധിപ്പിക്കും. നിലവില്‍ 100 ചതുരശ്ര മീറ്റര്‍ (1076.39 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വാണിജ്യ കെട്ടിടങ്ങളെയാണ് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 250 ചതുരശ്ര മീറ്ററായി (2690.98 ചതുരശ്ര അടി) ആയി ഉയര്‍ത്തും.
ഇതോടെ ചെറുകിട, ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ ഉടന്‍ അനുമതി ലഭിക്കാനുള്ള സാഹചര്യം രൂപപ്പെടും. വലിയ വ്യവസായങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഇളവുകള്‍ ബാധകമാക്കിയിട്ടുണ്ട്. ജി ഒന്ന് കാറ്റഗറിയില്‍ 200 ചതുരശ്ര മീറ്റര്‍ (2152.78 ചതുരശ്ര അടി) വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കും അപേക്ഷിച്ചാല്‍ ഉടന്‍ പെര്‍മിറ്റ് ലഭിക്കുന്ന രീതിയില്‍ ചട്ടങ്ങള്‍ ഉദാരമാക്കും,
ഈ കാറ്റഗറിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറികളിലുള്ള മുഴുവന്‍ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്കും അപേക്ഷിച്ചാല്‍ ഉടന്‍ പെര്‍മിറ്റ് ലഭിക്കും. ഇത്തരത്തില്‍ 200 ലേറെ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ സമഗ്രമായ പരിഷ്‌കാരത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 117 ചട്ടങ്ങളില്‍ 200 ലധികം ഭേദഗതികള്‍ കൊണ്ടുവരാനാണ് നീക്കം.
കേരളത്തിന്റെ സ്ഥലപരമായ പരിമിതികളും സവിശേഷതകളും പരിഗണിച്ചായിരിക്കും പ്രത്യേക ഇളവുകള്‍ അനുവദിക്കുക. അടുത്തിടെ സര്‍ക്കാര്‍ നടത്തിയ തദ്ദേശ അദാലത്തിലും നവകേരള സദസിലും ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റില്‍ ഭേദഗതിക്കൊരുങ്ങുന്നത്.












