തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടിയുടെ ഭാഗമായി ബി.എൽ.ഒമാർ രാത്രിയും വീടുകളിലെത്തും.
വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാവാത്തരീതിയിൽ രാത്രിയിലും ബി.എൽ.ഒമാർ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്യുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. എന്യൂമറേഷൻ ഫോം വിതരണത്തിൻ്റെ രണ്ടാം ദിവസമായ ഇന്നലെ രാത്രി എട്ടു മണിവരെയുള്ള കണക്ക് അനുസരിച്ച് ഏകദേശം 8,85,925 പേർക്ക് എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരേ സുപ്രിംകോടതിയിൽ നിയമപോരാട്ടം നടത്താൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരേ തമിഴ്നാട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തിന്റെ എതിർപ്പ് അവഗണിച്ച് എസ്.ഐ.ആർ നടപടികൾ കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു.
കോടതിയിൽ സർക്കാരിനൊപ്പം കക്ഷി ചേരാൻ തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ യോഗത്തിൽ പ്രഖ്യാപിച്ചതോടെ യോജിച്ചുള്ള നിയമ പോരാട്ടത്തിനു കളമൊരുങ്ങി. യോഗത്തിൽ പങ്കെടുത്ത ബി.ജെ.പി ഒഴികെ കക്ഷികൾ സർക്കാർ തീരുമാനത്തെ പൂർണമായും പിന്തുണച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ എസ്.ഐ.ആർ ചോദ്യംചെയ്യാനുള്ള നിയമോപദേശം സർക്കാർ എന്ന നിലയിലും രാഷ്ട്രീയ പാർട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.












