നമ്മുടെ നാട്ടില്‍ ഒരു കിലോ അരിയ്‌ക്കെന്താ വില? സാധാരണ മാര്‍ക്കറ്റില്‍ 40 രൂപയ്ക്കും 50 രൂപയ്ക്കും ഇടയിലാണ് അല്ലേ.. ഗുണനിലവാരം അനുസരിച്ച് പലതിനും വില കൂടുകയും കുറയുകയും ചെയ്യും. നമ്മുടെ രാജ്യത്ത് തന്നെ വ്യത്യസ്ഥമായ പല ഇനത്തിലുള്ള അരികള്‍ കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ ഘടനയിലും രുചിയിലുമെല്ലാം വ്യത്യാസവുമുണ്ട്.
എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ അരി എവിടെയാണ് ഉത്പാദിപ്പിക്കുന്നതെന്നറിയാമോ? അത് അങ്ങ് ജപ്പാനിലാണ്. ‘ജാപ്പനീസ് കിന്‍മെമൈ പ്രീമിയം റൈസ്’. ഇതിന്റെ വില കേട്ട് കണ്ട് തള്ളണ്ട. ഒരു കിലോ അരി വാങ്ങാന്‍ 12,500 രൂപ നല്‍കണം. ലോകത്തെ ആദ്യത്തെ തന്നെ കൈകൊണ്ട് തെരഞ്ഞെടുത്ത ആര്‍ട്ടി സാനല്‍ റിന്‍സ് ഫ്രീ അരിയാണിത്. 2016 ലെ ഏറ്റവും വിലകൂടിയ അരിയായി ഇത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടംനേടിയിട്ടുണ്ട്.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇത് വേവിക്കുന്നതിന് മുന്‍പ് കഴുകേണ്ടതില്ലെന്നാണ്. നമ്മള്‍ സാധാരണയായി അരി വേവിക്കാനെടുക്കുമ്പോള്‍ രണ്ടോ മൂന്നോ തവണ അഴുക്ക് നീക്കം ചെയ്യാനായി കഴുകാറുണ്ട്. എന്നാല്‍ ജാപ്പനീസ് കിന്‍മെമൈ പ്രീമിയം ധാന്യങ്ങള്‍ ഒരു നൂതന മില്ലിങ് പ്രക്രിയയില്‍ മുന്‍കൂട്ടി കഴുകുന്നു, ഇത് അന്നജവും തവിടും നീക്കം ചെയ്യുന്നു. പാചകം ചെയ്യുന്നതിനുമുമ്പ് അതുകൊണ്ട് തന്നെ ഇത് കഴുകേണ്ടതില്ല.
ഇതിന് സമാനതകളില്ലാത്ത പോഷകമൂല്യമുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. നിങ്ങളുടെ സാധാരണ അരിയെക്കാള്‍ ആറ് മടങ്ങ് കൂടുതല്‍ ലിപ്പോപൊളിസാക്കറൈഡുകള്‍ (LPS) ഇതില്‍ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും രോഗങ്ങളെ ചെറുക്കാനും ഇത് സഹായിക്കുന്നു.
ജപ്പാനിലെ കോഷിഹികാരി മേഖലയിലാണ് ഇത് കൂടുതലായി ഉത്പാദിപ്പിക്കുന്നത്. ഈ പ്രദേശം പര്‍വതങ്ങളാലും കുന്നുകളാലും ചുറ്റപ്പെട്ടു കിടക്കുന്നതിനാല്‍ ഇവിടുത്തെ താപനില ഈ ഇനം നെല്‍കൃഷിക്ക് അനുയോജ്യമാണ്. ഇത് സാധാരണ അരിയേക്കാള്‍ അല്‍പം വലുതാണ്.
ലോകത്തിലെ ഏറ്റവും വിലയേറിയ അരികളില്‍ ഒന്നാണെങ്കിലും, ബിസിനസ്സ് ലാഭകരമല്ലെന്നാണ് ടോയോ റൈസ് കോര്‍പ്പറേഷന്റെ 91 വയസ്സുള്ള പ്രസിഡന്റ് കെയ്ജി സൈക പറയുന്നത്. ഇദ്ദേഹമാണ് ഈ അരിയുടെ പിന്നിലെ വ്യക്തി. 2016 ലാണ് അദ്ദേഹം കിന്‍മെമൈ പ്രീമിയം റൈസ് അവതരിപ്പിക്കുന്നത്. 840 ഗ്രാം ബോക്‌സിന് 9,496 ജാപ്പനീസ് യെന്നിന് (ഏകദേശം 5,490 രൂപ)ആണ് അദ്ദേഹം അന്ന് ഇത് വില്‍ക്കാന്‍ തുടങ്ങിയത്. സാധാരണ ഇനങ്ങള്‍ക്ക് കിലോഗ്രാമിന് 300 മുതല്‍ 400 യെന്‍ (173 രൂപ മുതല്‍ 231 രൂപ) വരെ വിലയുണ്ടായിരുന്ന കാലമായിരുന്നു അത്.
ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് കിന്‍മെമൈ പ്രീമിയത്തിന്റെ നിലവിലെ വില 840 ഗ്രാമിന് SGD 155 ഡോളര്‍ ഏകദേശം 10,548 രൂപയാണ്. ഒരു കിലോഗ്രാമിന് ഏകദേശം 12,557 രൂപയാണ് വില.












